അലംഭാവം വെടിയണം

കൊച്ചി :  മനുഷ്യജീവനാണ് നായ് ക്കളേക്കാള്‍ പ്രാധാന്യമെന്നും തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ഉടനടി നല്‍കണമെന്നും പറഞ്ഞ പരമോന്നത നീതിപീഠമായ സുപ്രീം കോടതി, തെരുവുനായ് ക്കള്‍ കൂട്ടമായിച്ചേര്‍ന്ന് വയോധികനെ കടിച്ചു കീറി കൊന്നതിനെ തുടര്‍ന്ന് പ്രദേശത്തെ ആക്രമണകാരികളായ തെരുവുനായ് ക്കളെ പിടികൂടി വധിച്ച സംഭവത്തില്‍ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും, നാട്ടുകാര്‍ക്കും, മറ്റു മനുഷ്യസ്‌നേഹികള്‍ക്കും നോട്ടീസ് അയച്ച് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിച്ചത് നിരാശാവഹമാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

അപകടകാരികളായ ആനയേയും, പുലിയേയും, ദേശീയ മൃഗമായ കടുവയെപ്പോലും മനുഷ്യാവകാശ നിയമം നിലനിര്‍ത്തി ജനരക്ഷയ്ക്കായി വധിക്കാന്‍ നിയമതടസമില്ലെന്നത് മറന്നുകൂടാ. ഇനി കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ തെരുവുനായപ്രശ് നത്തിന്റെ ഗൗരവവും വ്യാപ്തിയും അറിയാത്ത ഏതെങ്കിലും മൃഗസ്‌നേഹികള്‍ കേസ് കൊടുത്താല്‍ത്തന്നെ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സംസ്ഥാനസര്‍ക്കാര്‍ ഈ കേസ് ഏറ്റെടുത്ത് സുപ്രീം കോടതിയില്‍ കേരളത്തില്‍ ഇന്ന് സംജാതമായിരിക്കുന്ന ഭീകരാന്തരീക്ഷവും, തെരുവുനായ്ക്കള്‍ മൂലമുള്ള തുടര്‍മരണങ്ങളും, നാശനഷ്ടങ്ങളും ബഹു. സുപ്രീം കോടതിയെ ബോധിപ്പിച്ച് മാനുഷിക പരിഗണനയോടെയുള്ള ഒരു ഉത്തരവ് ലഭ്യമാക്കുവാനും ശ്രമിക്കേണ്ടതാണ്.

ജൂണ്‍ 8ാം തീയതി കേരള നിയമസഭയില്‍ സര്‍വകക്ഷി യോഗം കൂടി ബീഫ് നിരോധനത്തിനെതിരെ ഒറ്റക്കെട്ടായി തീരുമാനമെടുത്തതുപോലെ, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തെരുവുനായ വിഷയത്തിലും ഒരു സര്‍വകക്ഷി സമ്മേളനം കൂടി തീരുമാനമെടുക്കാന്‍ ഇനിയും വൈകിക്കൂടാ. പത്തു മാസങ്ങള്‍ക്കു മുന്‍പ് പുല്ലുവിളയില്‍ ശിലുവമ്മ എന്ന വീട്ടമ്മയെ അതിദാരുണമായി കടിച്ചുകൊന്നതിനുശേഷം ആ പ്രദേശത്ത് 473 ലധികം ആക്രമണങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നത് സംസ്ഥാന സര്‍ക്കാരിന്റേയും ജില്ലാ അധികാരികളുടേയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ഈ വിഷയത്തോടുള്ള നിരുത്തരവാദപരമായ സമീപനത്തോടുള്ള വലിയ തെളിവാണ്.

ഈ പ്രദേശത്തു തന്നെയാണ് മെയ് 21ാം തീയതി ജോസ് ക്ലിന്‍ എന്ന മധ്യവയസ്‌ക്കനെ തെരുവുനായ്ക്കള്‍ അതിദാരുണമായി കൊലപ്പെടുത്തിയതും. ആരോഗ്യവകുപ്പ് വിവരാവകാശ രേഖ പ്രകാരം, 2016 ഏപ്രില്‍ ഒന്നു മുതല്‍ 2017 ഫെബ്രുവരി വരെ 1,10,906 പേരെ തെരുവുനായ്ക്കള്‍ ആക്രമിച്ചിട്ടുണ്ട്. ഈ ഏപ്രിലില്‍ മാത്രം തെരുവുനായയുടെ കടിയേറ്റ് ഏഴു പേര്‍ മരിച്ചു. രണ്ടു ദിവസം മുന്‍പാണ് ഒന്നര വയസുള്ള മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തെരുവുനായയുടെ കടിയേറ്റ 32 വയസ്സുള്ള യുവതി പേയിളകി മരിച്ചത്.

തെരുവുനായ്ക്കള്‍ മൂലമുള്ള മരണങ്ങള്‍ സംസ്ഥാനത്ത് ഒരു തുടര്‍ക്കഥയാവുമ്പോള്‍, ബഹു. സുപ്രീം കോടതിയുടെ 2016 നവംബറിലെ ഇടക്കാല ഉത്തരവും, അടുത്തകാലത്ത് ബഹു ഹൈക്കോടതി പുറപ്പെടുവിച്ച ‘ആക്രമണകാരികളായ മൃഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് നിയമ തടസങ്ങളില്ല എന്ന ഉത്തരവും കണക്കിലെടുത്ത്, സത്വര നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാനസര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇനിയും വൈകിക്കൂടാ. തെരുവുനായ വിഷയത്തില്‍ ബഹു. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നവര്‍ കേരളത്തില്‍ ഇനിയും സംജാതമായിരിക്കുന്ന ഭീകരാന്തരീക്ഷവും തുടര്‍മരണങ്ങളും വേണ്ടത്ര ജാഗ്രതയോടെയും പ്രാധാന്യത്തോടെയും കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

കേരളത്തില്‍ നിലനില്‍ക്കുന്ന അതിസങ്കീര്‍ണമായ തെരുവുനായ പ്രശ് നത്തെപ്പറ്റി സുപ്രീം കോടതി തന്നെ നിയമിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി കോടതിയെ ബോധിപ്പിച്ചിട്ടുള്ളതാണ്. യുദ്ധകാലാടിസ്ഥാനത്തില ഒരു പ്രതിവിധി കണ്ടെത്തിയില്ലെങ്കില്‍ ജനങ്ങള്‍ മുന്‍കൈയ്യെടുത്ത് അപകടകാരികളായ തെരുവുനായ്ക്കളെ ഉന്‍മൂലനം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുമെന്നും റിപ്പോര്‍ട്ടില്‍ ബോധിപ്പിച്ചിട്ടുള്ളതാണ്.

ഈ ഒരു അവസ്ഥയില്‍ അതിദാരുണമായി ഒരു മനുഷ്യനെ പിച്ചിച്ചീന്തുകയും പ്രദേശത്താകെ ഭീതി പരത്തുകയും ചെയ്ത അപകടകാരികളായ തെരുവുനായ്ക്കളെ തദ്ദേശവാസികള്‍ സ്വയരക്ഷയ്ക്കായി ഉന്‍മൂലനം ചെയ്ത സംഭവം വളച്ചൊടിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം മൃഗസ്‌നേഹികളുടെ യഥാര്‍ത്ഥ ഉദ്ദേശ്യലക്ഷ്യമാണ് സമൂഹത്തിനു മുന്‍പില്‍ അനാവരണം ചെയ്യേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *