കോടതിയില്‍ സത്യം വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനിയും സംഘവും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനി, ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവര്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഹര്‍ജിയിലെ വാദത്തിനിടയില്‍ ഇവര്‍ കേസിന്റെ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നായിരുന്നു പരക്കെ പ്രചരിച്ച വിവരം. എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ കേസില്‍ വാദം കേട്ടില്ല. ജാമ്യ ഹര്‍ജിയിലെ വാദം 17 ലേക്കു മാറ്റി.

അതിനിടെ നടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പള്‍സര്‍ സുനി പ്രമുഖനടന് നല്‍കിയ പീഡനദൃശ്യങ്ങള്‍ കണ്ടെടുത്തതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ ഉത്ഭവമറിയാന്‍ പൊലീസിന്റെ രഹസ്യനീക്കം തുടങ്ങിയതായി സൂചനയുണ്ട്. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢലക്ഷ്യത്തോടെ ആരെങ്കിലും പ്രവര്‍ത്തിച്ചുണ്ടോ എന്നതാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. അതീവരഹസ്യമായി നടക്കുന്ന നീക്കത്തില്‍ മാധ്യമ സ്ഥാപനങ്ങളില്‍ വാര്‍ത്തയെത്തിയതിന്റെ ഉറവിടം കണ്ടെത്തുകയും ഇതുവഴി അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനുമാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.


സി ഐ വെളിപ്പെടുത്തിയ വിവരങ്ങള്‍ എന്ന രീതിയിലാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. മഞ്ജുവാര്യര്‍ അടക്കമുള്ള സിനിമയിലെ സ്ത്രീകൂട്ടായ്മ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെക്കണ്ട് നല്‍കിയ നിവേദനത്തിന്റെ ഫലമായി ഡി ജി പി സെന്‍കുമാറിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് പൊലീസ് നടപടിയെന്ന് പരക്കെ പ്രചാരണമുണ്ട്. ഫെബ്രുവരി 17 ന് രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചതോടെ പ്രതികള്‍ക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായി. എന്നാല്‍ കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പ്രതിസ്ഥാനത്തു വരാതെ ഇപ്പോഴും നിയമത്തിനു പുറത്തു നില്‍ക്കുന്നുവെന്ന നിലപാടാണ് പ്രതികള്‍ക്കുള്ളതെന്നും ഇവര്‍ ഇക്കാര്യം കോടതി മുന്‍പാകെ ഉന്നയിക്കുമെന്നുമായിരുന്നു ഇവരുമായി അടുപ്പമുണ്ടായിരുന്നവരില്‍ ചിലരില്‍ നിന്നും ലഭിച്ച വിവരമെന്ന രീതിയില്‍ വാര്‍ത്ത പുറത്തുവന്നത്.

കേസിലെ ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അവരുടെ അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്ന നീക്കമാണ് പ്രതികളുടെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നതെന്നാണ് ഇത് സംബന്ധിച്ച് പരക്കെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തിലും തങ്ങള്‍ക്ക് മനസറിവില്ലന്നാണ് പൊലീസിന്റെ നിലപാട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 17ന് പ്രതികളുടെ ജാമ്യപേക്ഷയില്‍ നടക്കുന്ന വാദം നടക്കുമ്പോള്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടാവുമെന്നള്ള പ്രചാരണവും ശക്തി പ്രാപിച്ചിട്ടുണ്ട്. പ്രതികളുടെ വിലപേശല്‍ തന്ത്രമായും ഇപ്പോഴത്തെ നീക്കത്തെ വിലയിരുത്തുന്നവരും കുറവല്ല.

നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ കിട്ടിക്കഴിഞ്ഞു. ആലുവയിലേയും കാക്കനാട്ടേയും സബ് ജയിലിലുകളില്‍ വെച്ചു പള്‍സര്‍ സുനി ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരോടും ജയില്‍ അധികാരികളോടും പറഞ്ഞ മൊഴികളാണ് നിര്‍ണ്ണായകമായത്. നേരത്തെ അന്വേഷണവുമായി പള്‍സര്‍ സുനി സഹകരിച്ചിരുന്നില്ല. എന്നാല്‍ ജയിലിലെത്തിയപ്പോള്‍ ഇത് മാറുകയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് നടി ആവര്‍ത്തിച്ചിരുന്നു. സിനിമയിലെ വനിതകള്‍ സംഘടനയുണ്ടാക്കി മുഖ്യമന്ത്രിയെ കണ്ടപ്പോഴും നടിക്ക് നീതി കിട്ടാത്തത് ചര്‍ച്ചയായിരുന്നു. ഗൂഢാലോചനക്കാരെ പിടിച്ചേ മതിയാകൂവെന്ന് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കി. അതിവേഗം നിഷ്പക്ഷമായി മുന്നോട്ട് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പൊലീസ് മേധാവിയായി ചുമതലയിലുള്ള ടിപി സെന്‍കുമാറും കാര്യങ്ങള്‍ വിലയിരുത്തി.

പള്‍സര്‍ സുനിയുടെ മൊഴിയും മറ്റും പരിശോധിച്ചതില്‍ ഗൂഢാലോചനയില്‍ വ്യക്തമായ തെളിവുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ വിവാദങ്ങളില്‍ പെടാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ കരുതലോടെയാണ് നീക്കം. പള്‍സര്‍ സുനിയെ ആവേശത്തിലാക്കി നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നിലെ സിനിമയിലെ അണിയറക്കാര്‍ തന്നെയെന്നത് പൊലീസിനും വ്യക്തമായി കഴിഞ്ഞു. ഇവര്‍ വിഡിയോ അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തില്‍ ഭയപ്പെടുത്താന്‍ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് കൊടുത്തിരുന്നു. നടി ഇതൊരിക്കലും പുറത്തു പറയില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. ഇതാണ് പൊളിഞ്ഞത്. തൃക്കാക്കര എംഎല്‍എ പിടി തോമസ് സ്ഥലത്ത് എത്തിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഒത്തുതീര്‍പ്പ് ശ്രമമെല്ലാം ഇതോടെ പൊളിഞ്ഞു.

സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കേസിലാകെ ഏഴു പ്രതികളാണുള്ളത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 375 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 17നാണ് തെന്നിന്ത്യയിലെ പ്രമുഖ നടിയെ ഓടുന്ന കാറില്‍ പള്‍സര്‍ സുനിയും സംഘവും ആക്രമിച്ചത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നില്‍ കാറ്ററിങ് വാന്‍ കൊണ്ടിടിപ്പിച്ച ശേഷമായിരുന്നു ആക്രമണം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ആലുവ ജുഡീഷ്യല്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. സുനി കുറ്റം സമ്മതിച്ചിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ച കേസായതിനാല്‍ തുടരന്വേഷണത്തിലെ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും പൊലീസിന് മുമ്പിലുണ്ട്. ഗൂഢാലോചനയില്‍ പ്രത്യേക കുറ്റപത്രം നല്‍കുന്നതും പരിഗണിക്കും. ഈ പ്രശ്‌നങ്ങളിലെല്ലാം വ്യക്തത വരുത്തിയ ശേഷം മാത്രമേ ഇനി ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകൂവെന്നാണ് സൂചന. അതേസമയം നടിയെ പീഡിപ്പിക്കുന്ന ദൃശ്യം പൊലീസ് കണ്ടെടുത്തുവെന്നും ഇതുമായി ബന്ധപ്പെട്ട് സിനിമയിലെ പ്രമുഖനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും കാണിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയോട് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി ഐ ബിജു പൗലോസിന്റെ പ്രതികരണം. ‘നോ കമന്റ്‌സ’…. എന്നാായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *