ഒളിംപിക്‌സിനു ഒരു ദിവസം മുന്‍പു ഗര്‍ഭഛിദ്രം നടത്തിയിരുന്നു അത്‌ലറ്റിന്റെ വെളിപ്പെടുത്തല്‍

ബെയ്ജിംഗ്: തനിക്കറിയുന്ന ഒട്ടുമിക്ക ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റുകളും ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ടെന്ന് അമേരിക്കയുടെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് സന്യ റിച്ചാര്‍ഡ് റോസ്. 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സിനു മുന്‍പു താനും ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നും മുപ്പത്തിരണ്ടുകാരിയായ റോസ് പറഞ്ഞു. ബെയ്ജിങിലേക്കു പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പു മാത്രമാണ് താന്‍ ഗര്‍ഭം അലസിപ്പിച്ചതെന്നും റോസ് പുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

സ്‌പോര്‍ട്‌സ് രംഗത്തു നിലനില്‍ക്കുന്ന വഴിവിട്ട പ്രവണതകള്‍ ചര്‍ച്ചയാകട്ടെ എന്നു കരുതിയാണു തുറന്നെഴുതുന്നതെന്നും അവര്‍ വ്യക്തമാക്കി. തനിക്കുണ്ടായ അനുഭവങ്ങള്‍ മറ്റ് അത്‌ലറ്റുകള്‍ക്ക് ഉണ്ടാകാതിരിക്കട്ടെ എന്നും അവര്‍ പറഞ്ഞു. 2008ല്‍ 23ാം വയസിലാണ് റിച്ചാര്‍ഡ് റോസ് ഗര്‍ഭഛിദ്രം നടത്തിയത്. ബെയ്ജിങില്‍ വ്യക്തിഗത ഇനത്തില്‍ വെങ്കലവും റിലേയില്‍ സ്വര്‍ണവും റോസ് സ്വന്തമാക്കി.

ന്യൂയോര്‍ക്ക് ജയന്റിലെ ആരോണ്‍ റോസും റിച്ചാര്‍ഡും തമ്മില്‍ അടുക്കുന്നത് 2006ലാണ്. 2008 ഒളിംപിക്‌സിനു ശേഷം 2010ല്‍ വിവാഹം കഴിക്കാനാണു തീരുമാനിച്ചത്. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് അത്‌ലറ്റിക് ജീവിതത്തെ ബാധിക്കുമെന്നതിനാല്‍ അത് ഒഴിവാക്കി. ഒളിംപിക്‌സ് തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് താന്‍ ഗര്‍ഭിണിയാണെന്നു റിച്ചാര്‍ഡ് അറിയുന്നത്.

അപ്പോഴേക്കും ആരോണ്‍ പരിശീലനത്തിനായി പോയിരുന്നു. ഒടുവില്‍ താന്‍ ഒറ്റയ്ക്കാണ് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയില്‍ എത്തിയതെന്നു റിച്ചാര്‍ഡ് എഴുതുന്നു. രണ്ടാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം തന്നെ 15 മണിക്കൂര്‍ ബെയ്ജിങ് യാത്രയ്ക്കായി വിമാനത്തില്‍ കയറിയെന്നും റിച്ചാര്‍ഡ് പറയുന്നു. തനിക്കറിയുന്ന നിരവധി വനിതാ അത്‌ലറ്റുകള്‍ ട്രാക്കിലെ നേട്ടങ്ങള്‍ക്കായി ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 2016ല്‍ റിയോ ഒളിമ്പിക്‌സിലേക്കു യോഗ്യത നേടാന്‍ കഴിയാതെയാണ് റിച്ചാര്‍ഡ് വിരമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *