ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് സാധ്വി സരസ്വതി

ഗോവ: ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലണമെന്ന് സാധ്വി സരസ്വതി. ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലുന്നതിന് ആവശ്യമായ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സാധ്വി പറഞ്ഞു. ഗോവയില്‍ അഖിലേന്ത്യ ഹിന്ദു കണ്‍വന്‍ഷന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു സാധ്വി. ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും രക്ഷിക്കുന്നതിന് ഹിന്ദുക്കള്‍ വീട്ടില്‍ ആയുധം കരുതണമെന്ന് സാധ്വി പറഞ്ഞു.

ഹിന്ദു ഇതര വിശ്വാസികളെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാകാത്തത് വെല്ലുവിളിയാണെന്നായിരുന്നു സാധ്വിയുടെ മറ്റൊരു പ്രസ്താവന. ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണണെന്ന് കേന്ദ്രസര്‍ക്കാരിനോട് സാധ്വി ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്താല്‍ മാത്രമേ പശു സംരക്ഷണം കടമയാണെന്ന് ജനങ്ങള്‍ക്ക് മനസിലാകൂ എന്നും സാധ്വി പറഞ്ഞു. സനാതന്‍ ധര്‍മ്മ പ്രചാര്‍ സേവ സമിതിയുടെ പ്രസിഡന്റാണ് സാധ്വി സരസ്വതി.

ഹിന്ദു രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 150ഓളം ഹൈന്ദവ സംഘടനകള്‍ ചേര്‍ന്നാണ് ഗോവയില്‍ അഖിലേന്ത്യ ഹിന്ദു കണ്‍വന്‍ഷന്‍ നടത്തുന്നത്. ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തിലാണ് സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *