മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍

തിരുവല്ല: ( 17.06.2017) മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം കുരുമല ചക്കാട്ടുശേരി അനീഷ് (29), അനുജന്‍ അജേഷ് (24) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

വള്ളംകുളം കുരുമല കിഴക്കേച്ചിറ രാഘവനെ(62) യാണ് കഴിഞ്ഞ അഞ്ചിന് രാത്രി 8.30 ന് വീട്ടില്‍ അതിക്രമിച്ചു കയറി ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാഘവന്‍ കഴിഞ്ഞ ബുധനാഴ്ച മരിച്ചു.
രാഘവന്റെ സഹോദരിയുടെ വീട്ടിലാണ് അനീഷും ഭാര്യയും വാടകക്ക് താമസിച്ചിരുന്നത്. ഇവരെ കഴിഞ്ഞ അഞ്ചിന് വീട്ടില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു.

ഇതിന് പിന്നില്‍ രാഘവനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഓതറ പുത്തന്‍ കവലയിലെ പുതിയ വാടക വീട്ടിലേക്ക് കൊണ്ടു പോകാന്‍ സാധനസാമഗ്രികള്‍ മാറ്റിയ ശേഷമാണ് വാക്കേറ്റവും ആക്രമണവും ഉണ്ടായത്. കമ്പി വടിക്ക് തലക്കടിച്ച ശേഷം രാഘവനെ ബന്ധുക്കള്‍ ആശുപത്രിയില്‍ കൊണ്ടു പോകുമ്പോഴും ഇവര്‍ തടസം നിന്നു.

പിന്നീട് ഒളിവില്‍ പോയ ഇരുവരെയും ചെങ്ങന്നൂര്‍ കൊഴുവല്ലൂരിലെ ഒരു വീട്ടില്‍ നിന്നാണ് തിരുവല്ല സി.ഐ ടി.രാജപ്പന്‍, എസ്.ഐ ബി. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഐ.പി.സി 302, 34 വകുപ്പുകള്‍ പ്രകാരം കൊലപാതകം, ഭവനഭേദനം എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *