ജനനേന്ദ്രിയം മുറിച്ച സംഭവം; മൊഴിമാറ്റത്തിനു പിന്നില്‍ സംഘപരിവാറെന്ന് ആരോപണം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലെ പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് കാമുകന്‍ അയ്യപ്പദാസ് ഹൈക്കോടതിയെ സമീപിച്ചു. സംഘപരിവാര്‍ ബന്ധമുള്ളവരും സ്വാമിയുടെ അഭിഭാഷകനും ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്ന് അയ്യപ്പദാസ് ആരോപിച്ചു. സ്വാമിയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

കലങ്ങിമറിയുന്ന സ്വാമി കേസില്‍ ഒടുവില്‍ പെണ്‍കുട്ടിയുടെ കാമുകനും രംഗത്തെത്തിയിരിക്കുകയാണ്. പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് കാണിച്ച് അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. സംഘപരിവാര്‍ ബന്ധമുള്ളവരും സ്വാമിയുടെ അഭിഭാഷകനും നടത്തിയ ഗൂഡാലോചനയാണ് പെണ്‍കുട്ടിയുടെ മൊഴി മാറത്തിന്റെ കാരണമെന്ന് അയ്യപ്പദാസ് ആരോപിച്ചു. പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകും മുമ്‌ബെ സ്വാമി പീഡിപ്പിച്ചിട്ടുണ്ട്. പീഡനശ്രമം തടയാന്‍ പെണ്‍കുട്ടി തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും അയ്യപ്പദാസ് പറയുന്നു.

 

വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചാല്‍ പെണ്‍കുട്ടി സത്യം പറയുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ വിശദീകരണം തേടിയ ഹൈക്കോടതി കേസ് 26ലേക്ക് മാറ്റി. സ്വാമിയുടെ അഭിഭാഷകന് നല്‍കിയ കത്തിലും അഭിഭാഷകനുമായുള്ള സംഭാഷണത്തിലും കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും കൃത്യത്തിന് പിന്നില്‍ അയ്യപ്പദാസെന്നാണ് പെണ്‍കുട്ടി കുറ്റപ്പെടുത്തിയത് . മൊഴിമാറ്റത്തില്‍ പൊലീസും ഗൂഡാലോചന സംശയിക്കുമ്‌ബോഴാണ് കാമുകന്‍ സമാനവാദം ഉയര്‍ത്തുന്നത്. കാമുകന്റെ ഹര്‍ജിയില്‍ പൊലീസ് നിലപാട് ശ്രദ്ധേയമാകും.

അതിനിടെ സ്വാമിയുടെ ജാമ്യാപേക്ഷയും പെണ്‍കുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന പോലീസിന്റെ അപേക്ഷയും പരിഗണിക്കുന്നത് തിരുവനന്തപുരം പോക്‌സോ കോടതി നാളത്തേക്ക് മാറ്റി. കേസില്‍ മറ്റ് ഏജന്‍സിയുടെ അന്വേഷണം വേണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി വ്യാഴാഴ്ചയും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *