അലങ്കാര രാവ്…..മുഖദാറിലേക്ക് വന്നോളി, തിന്നോളി

കോഴിക്കോട് : രാത്രി 12 മണിയുടെ തിര കോഴിക്കോട് കടപ്പുറത്തെ തൊട്ട് തിരികെ മടങ്ങുമ്‌ബോഴും ഐസ് ചുരണ്ടിയെടുത്ത ചീളുകള്‍ കടലാസുകപ്പുകളിലേക്ക് വീണുകൊണ്ടിരുന്നു. ബീറ്റ്‌റൂട്ട് ചാറും റോസ് മില്‍ക്കും കൊണ്ട് മധുരത്തില്‍ പൊതിഞ്ഞ കോഴിക്കോട്ടുകാരുടെ ഐസ് ഉരതി ഓരോ ചുണ്ടുകളിലേക്കും കടല്‍ത്തീരത്തിന്റെ രാത്രിവെളിച്ചത്തില്‍ രുചിയുടെ മുഹബ്ബത്ത് പകര്‍ന്നുകൊണ്ടിരുന്നു.

തിരയോട് തൊട്ടുകിടക്കുന്ന തീരത്തും ബീച്ച് റോഡിലുമെല്ലാം ഐസ് ഉരതിയെടുക്കുന്ന പലകയ്ക്ക് ചുറ്റും ആള്‍ക്കൂട്ടമായിരുന്നു. പിച്ചവെച്ചു നടക്കുന്ന കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ പലനിറങ്ങളിലും ഫ്‌ളേവറുകളിലുള്ള മധുരത്തെ കൊതിയോടെ നോക്കിനില്‍ക്കുന്നു. മാങ്ങയും പൈാനാപ്പിളും കീറിയെടുത്ത് മുളകു പുരട്ടിയതും ഉപ്പിലിട്ടതുമെല്ലാം വേറെയുമുണ്ട്.

തൊട്ടപ്പുറത്ത് രാത്രിയിലെ നമസ്‌കാരം കഴിഞ്ഞെത്തി പൂഴിമണലില്‍ പന്തുകളിക്കുന്നവര്‍, പാതിരാത്രിയിലും സെല്‍ഫി കോര്‍ണറുകള്‍ തേടിപ്പോവുന്ന കോളേജ് വിദ്യാര്‍ഥികള്‍. അങ്ങനെ വൈവിധ്യമായ കാഴ്ചകളുടെ നഗരമാവുകയാണ് റംസാന്‍ രാവുകളില്‍ കോഴിക്കോട് ബീച്ച് മുതല്‍ മുഖദാര്‍ വരെ.
രാത്രികാലങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് കൗതുകമായി തൂക്കിയിട്ടിരിക്കുന്ന

പകലിന്റെ ആകാശം മഗ്രിബിന്റെ ചുവപ്പണിയുമ്‌ബോള്‍ത്തന്നെ കുറ്റിച്ചിറയിലെയും ഇടിയങ്ങരയിലെയും തെരുവുകള്‍ നിശ്ശബ്ദമായിതുടങ്ങിയിട്ടുണ്ടായിരുന്നു. വഴികളിലെല്ലാം വിശ്വാസത്തിന്റെ വെളിച്ചം കത്തിനിന്നു. പിന്നീട് രാത്രിനമസ്‌കാരത്തിനുള്ള വിളികളുയര്‍ന്നപ്പോള്‍ യാത്ര പള്ളികളിലേക്കായി. മിശ്ക്കാല്‍ പള്ളിയുടെയും ആയിരം വര്‍ഷത്തിനപ്പുറം ചരിത്രംപേറുന്ന ജുമുഅത്ത് പള്ളിയുടെയും അകത്തളങ്ങള്‍ നിറഞ്ഞു. ഏകദൈവത്തിനു മുന്നില്‍ ശിരസ്സുനമിച്ച് അവര്‍ റംസാനിലെ 25ാം രാവിന്റെ പുണ്യങ്ങളിലേക്ക് അലിഞ്ഞു ചേര്‍ന്നു. പ്രാര്‍ഥനാ ഗീതങ്ങള്‍ ഒഴുകിവന്നു.

തറാവീഹ് (രാത്രിനമസ്‌കാരം) കഴിഞ്ഞതോടെ പിന്നെ മുഖദാറിലെ ഭക്ഷണത്തെരുവുകള്‍ കൊതി വിരിയിച്ച് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പൊട്ടിത്തെറിച്ച കോഴിയുടെ മണം രുചിമുകുളങ്ങളെ ആദാമിന്റെ അദ്ഭുതങ്ങളിലേക്ക് പിടിച്ചുവലിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ടിട്ടും തിന്നിട്ടും മടുക്കാത്ത മുഖദാറിലെ ഫുഡ്‌കോര്‍ട്ടുകളിലേക്ക് ആളുകള്‍ ഒഴുകിക്കൊണ്ടിരുന്നു.

പിടയ്ക്കുന്ന ഞെണ്ട് മുളകുപുരട്ടി വേവിച്ചെടുത്തത്, ഊഴംകാത്ത് തൂങ്ങിക്കിടന്നാടുന്ന സ്പ്രിങ് കോഴി, കമ്ബിക്കൂട്ടില്‍ ചുട്ടെടുക്കുന്ന ആവോലി, അങ്ങനെ തിന്നാല്‍ത്തീരാത്ത വിശേഷങ്ങള്‍ ഒരുപാട് കാണാനുണ്ട് മുഖദാറില്‍. നോമ്ബുകാലത്തേക്ക് മാത്രമായി 12 ഫുഡ്‌കോര്‍ട്ടുകളുണ്ട്. എല്ലാം കൊതിപിടിക്കുന്ന ഭക്ഷണക്കൂടുകള്‍. എല്ലായിടത്തും ജീവനുള്ള പുഴഞെണ്ടുകളെത്തന്നെ കിട്ടും. അതില്‍നിന്ന് നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. മസാലതേച്ച് ലൈവായി പൊരിച്ചുതരും. ഇതിനൊപ്പം വെള്ളക്കാടയും അയലയും ചെമ്മീനും മത്തിയും കാടമുട്ടയും കോഴിമുട്ടയും മസാലപുരട്ടി വറുത്തതും വരെയുണ്ട്.

എരിവുള്ള ഞെണ്ടും പൊരിച്ചകോഴിയും കഴിച്ചാല്‍ പിന്നെ പാല്‍ക്കാവയും കുലുക്കി സര്‍ബത്തുംകൊണ്ട് മധുരം നുണയാം. മാങ്ങ, കോഫി, പച്ചമുളക് അങ്ങനെ പലതരത്തിലുള്ള ഫ്‌ളേവറുകളില്‍ സര്‍ബത്തുകള്‍ കുലുക്കിയെറിയും നല്ല കാസര്‍കോടന്‍ ചേലില്‍.

കലുക്കി സര്‍ബത്ത് തയ്യാറാക്കുന്നത് ഭംഗിയുള്ള കാഴ്ച തന്നെയാണ്. അതുകൊണ്ട് സര്‍ബത്ത് കുലുക്കിയെടുക്കാന്‍ കാസര്‍കോട് നിന്ന് ആളെകൊണ്ടുവന്നിരിക്കുകയാണ്. നുണയാത്ത കുല്‍ക്കി സര്‍ബത്തുകള്‍തേടിയെത്തുന്നവരുടെ തിരക്കാണ് ഓരോ സ്റ്റാളുകള്‍ക്ക് മുന്‍പിലും. കഴിഞ്ഞതവണ കോതിയിലും ഫുഡ് കോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇത്തവണ മുഖദാറിനെത്തന്നെ കീഴടക്കി. നല്ല ചേലിലൊരു കുലുക്കി…എന്ന് കാസര്‍കോടന്‍ ശൈലിയില്‍ ഉയര്‍ന്നു കേള്‍ക്കുമ്‌ബോള്‍ നമ്മള്‍ അറിയാതെ എത്തിപ്പോവും അവിടെ.

തീരദേശത്താണ് റംസാന്‍ രാവുകളുടെ ചേലും ഈണവുമുള്ളത്. പക്ഷേ നവീകരണത്തിന് പൊളിച്ചിട്ടതാണെങ്കിലും കച്ചവടത്തെരുവ് മിഠായിത്തെരുവ് തന്നെയാണ്. മിഠായിത്തെരുവില്‍ മുകളില്‍ പന്തലിട്ട് അലങ്കാര വിളക്കുകള്‍ കൊണ്ട് മേലാപ്പു തീര്‍ക്കുന്നതിന് നിയന്ത്രണം വന്നപ്പോള്‍ ഓരോ കടകളും പ്രകാശമായി മാറുന്ന വിളക്കുകളുടെ പരീക്ഷണമാണ് ഇത്തവണ. കോര്‍ട്ട്‌റോഡ് മുതല്‍ മധുരത്തെരുവ് വരെ പലനിറങ്ങളില്‍ കുളിച്ചു നില്‍ക്കുന്നുണ്ട്. ഇതേകാഴ്ചയാണ് പതിവില്ലാതെ ഇത്തവണ ചെറൂട്ടി റോഡിലുമുള്ളത്.

ഓരോ കടകയും പെരുന്നാള്‍ കച്ചവടത്തിനായി അണിഞ്ഞൊരുങ്ങി എല്‍.ഇ.ഡി. വിളക്കുകളുടെ നിറമണിഞ്ഞു നില്‍ക്കുന്നുണ്ട്. റംസാനായതോടെ നഗരത്തിലെ ഏറ്റവും പ്രധാന വസ്ത്രത്തെരുവായി മാറിയിട്ടുണ്ടിവിടെ. ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെയും പുതിയ ഫാഷനുകളുടെയും കേന്ദ്രം. അങ്ങനെ പ്രാര്‍ഥനയും രുചിയും കച്ചവടത്തിരക്കുമെല്ലാം അലിഞ്ഞു ചേര്‍ന്ന നഗരത്തിന്റെ റംസാന്‍ രാവ് എത്രവൈകിട്ടും ഉറങ്ങാതെ നില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *