ഗംഗേശാനന്ദയ്ക്ക് ജാമ്യമില്ല; പെണ്‍കുട്ടിക്ക് നുണപരിശോധന

തിരുവനന്തപുരം: ലിംഗംഛേദിച്ച കേസില്‍ ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. ആരോഗ്യനില വഷളായതിനാല്‍ ജാമ്യം നല്‍കണമെന്ന് ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്ക് ശേഷം മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നശേഷം ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.

ഗംഗേശാനന്ദക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസില്‍ യുവതിക്ക് നുണപരിശോധനയും ബ്രെയിന്‍ മാപ്പിങ്ങും നടത്തണമെന്ന് പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിനുള്ള അനുമതിയും കോടതി നല്‍കി. ഈ മാസം 22ന് യുവതി നേരിട്ട് കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

യുവതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും നടപടി സ്വീകരിക്കുക. കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ യുവതി നടത്തിയ സാഹചര്യത്തിലാണ് ഇത്തരം ഒരു ആവശ്യം പൊലീസ് മുന്നോട്ട് വെച്ചത്. ഗംഗേശാനന്ദ നിരന്തരം പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ യുവതി പിന്നീട് ഇത് തിരുത്തിപ്പറഞ്ഞിരുന്നു.

ഇതിനിടെ യുവതി വീട്ടുതടങ്കലിലാണെന്നാരോപിച്ച് കാമുകന്‍ അയ്യപ്പദാസ് നല്‍കിയ ഹര്‍ജിയില്‍ നിലപാട് അറിയിക്കാനും കോടതി പൊലീസിനോട് അവശ്യപ്പെട്ടു. ഇത് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *