അന്താരാഷ്ട്ര യോഗാ ദിനം ദേശീയതല ഉദ്ഘാടനം മോദി നിര്‍വ്വഹിച്ചു

ലഖ്‌നൗ: ലഖ്‌നൗവിലെ രാംഭായ് അംബേദ്കര്‍ മൈതാനത്ത് അമ്ബതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രി യോഗാദിന പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യോഗാ ദിനാചരണ ചടങ്ങുകള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ലഖ്‌നൗവില്‍ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്ത് നിരവധി യോഗാ ട്രെയിംനിംഗ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇന്ന് രാജ്യത്ത് യോഗാ പരിശീലകര്‍ക്കുള്ള ഡിമാന്റ് വര്‍ധിക്കുകയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി സൂചിപ്പിച്ചു. പൂജ്യം രൂപയുടെ ചെലവില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ആണ് യോഗാഭ്യാസമെന്നും ഇന്ന് അന്താരാഷട്ര തലത്തിലടക്കം യോഗയുടെ പ്രധാന്യം വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ ഭാഷയും സംസ്‌ക്കാരവും പാരമ്ബര്യവും മനസിലാകാത്ത പല രാജ്യക്കാര്‍ക്കും ഇന്ത്യയുമായി ബന്ധം വരുന്നത് യോഗയിലൂടെയാണ്. മനസിനേയും ശരീരത്തേയും ആത്മാവിനേയും ബന്ധിപ്പിക്കുന്ന യോഗ ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഹിമാലയത്തിലെ യോഗിവര്യന്മാര്‍ മാത്രം ചെയ്തു വന്നിരുന്ന ഒന്നാണ് യോഗ എന്നും എന്നാല്‍ ഇന്ന് അത് എല്ലാവരുടേയും വ്യക്തിഗത ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗ ദിനത്തോടനുബന്ധിച്ച് കേന്ദ്രം വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 74 മന്ത്രിമാര്‍ നേതൃത്വം നല്‍കും. 2016 ല്‍ നടന്ന യോഗാ ദിനാചരണത്തില്‍ 200 മില്ല്യണ്‍ ജനങ്ങളാണ് പങ്കെടുത്തത്. ലോകത്താകമാനം 180 രാജ്യങ്ങളില്‍ യോഗാദിനം ആചരിക്കുന്നുവെന്നാണ് കണക്കുകൂട്ടുന്നത്. യു എന്‍ ആസ്ഥാനത്തും യോഗാ ദിനം ആചരിക്കുന്നുണ്ട്.

സംസ്ഥാനത്ത് യോഗാദിനാചരണ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘടാനം ചെയ്തു. പാലക്കാട് ചടങ്ങില്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുത്തു. രാജ് ഭവനില്‍ ഗവര്‍ണര്‍ പി സദാശിവവും വിജിലന്‍സ് ഡയറക്‌ട്രേറ്റില്‍ ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ യോഗ ദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

18000 അടി ഉയരത്തിലുള്ള ലഡാക്ക് സൈനിക ക്യാമ്ബില്‍ ഐ ടി ബി പി ജവാന്മാരും വിവിധ യുദ്ധക്കപ്പലുകളിലെ നാവികരും യോഗാഭ്യാസം നടത്തി. പൈതൃക വിനോദ സഞ്ചാര കേന്ദ്രമായ മാച്ചുപിച്ചുവിലും യോഗാ ദിനാചരണം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *