നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; യോഗി ആദിത്യനാഥിനെതിരേ യുവതിയുടെ ആരോപണം

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ വഴി നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ ആരോപണം. അസം സ്വദേശിയായ യുവതിയാണ് ആദിത്യനാഥിനും അസമില്‍നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മയ്ക്കും എതിരായി പരാതി നല്‍കിയിരിക്കുന്നത്.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന സ്ത്രീയാണ് പരാതിക്കാരി. 10 വര്‍ഷം മുന്‍പ് ഗുവാഹാത്തിയില്‍ ഒരു സമരത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായാണ് ആരോപണം. വിവരസാങ്കേതികവിദ്യാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി സബ്ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ആദിത്യനാഥിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ജൂണ്‍ 13 ന് തന്റെ നഗ്‌ന ചിത്രം പോസ്റ്റ് ചെയ്തതായാണ് യുവതി ആരോപിക്കുന്നത്. അസം ആദിവാസി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഎഎസ്എഎ) ബെല്‍ട്ടോളയില്‍ 2007 നവംബറില്‍ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണിതെന്നും വസ്തുതകള്‍ അറിയാതെയാണ് ആദിത്യനാഥ് ഇത് ചെയ്തതെന്നും യുവതി ആരോപിക്കുന്നു. ബിജെപി പ്രവര്‍ത്തകയായാണ് യുവതി സമരത്തില്‍ പങ്കെടുത്തതെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനവും യുവതി തള്ളിക്കളയുന്നു.

ഇത്തരമൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതായി രാംപ്രസാദ് ശര്‍മ സ്ഥിരീകരിച്ചു. എന്നാല്‍ യുവതിയ്ക്ക് നീതി ലഭ്യമാക്കുന്നതിനാണ് അങ്ങനെ ചെയ്തതെന്നും താന്‍ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമായിരുന്നെന്നും അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അസം മുഖ്യമന്ത്രി ശര്‍ബാനന്ദ സോനോവാളിനോട് കേസ് പുനപരിശോധിക്കാനും യുവതിയ്ക്ക് നീതി ലഭ്യമാക്കണമെന്നും താന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒറാങ്ങിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് അക്കൗണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് എഡിജിപി പല്ലബ് ഭട്ടാചാര്യ പറഞ്ഞു. യുപി പോലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *