പച്ചാളം ബിന്ദു വധക്കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

കൊച്ചി : പച്ചാളം ബിന്ദുവധക്കേസിലെ പ്രതി വയനാട് മീനങ്ങാടി സ്വദേശി റഷീദിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം കഠിന തടവായി ഭേദഗതി ചെയ്തു. 40 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചശേഷം പ്രതിയെ മോചിപ്പിച്ചാല്‍ മതിയെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

ബിന്ദുവിനെ (37) 2010 നവംബര്‍ 16 നാണ് കൊലപ്പെടുത്തിയത്. വിദേശത്തു ജോലിക്കു പോകാന്‍ 50,000 രൂപയ്ക്കു വേണ്ടി ബിന്ദുവിനെ റഷീദ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊലയ്ക്കു ശേഷം ബിന്ദുവിന്റെ ആഭരണങ്ങള്‍ പ്രതി കവര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ റഷീദിനെ 2011 ഡിസംബര്‍ 20 ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ റഷീദ് നല്‍കിയ അപ്പീലുള്‍പ്പെടെയുള്ളവയാണ് ഹൈക്കോടതി പരിഗണിച്ചത്.

ബിന്ദുവിന്റെ വീടിന്റെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ റഷീദ് ഇവരെ മുറിയില്‍ പൂട്ടിയിട്ടശേഷം വെട്ടിക്കൊന്നുവെന്നത് പ്രോസിക്യൂഷന്‍ സംശയത്തിനിട നല്‍കാതെ തെളിയിച്ചിട്ടുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മാത്രമല്ല, കേസിന്റെ വിചാരണവേളയില്‍ സംഭവങ്ങളും തെളിവുകളും കണ്ണി മുറിഞ്ഞു പോകാതെ വിശദീകരിക്കാനും കഴിഞ്ഞു. എന്നാല്‍ പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിന് തെളിവില്ല.

കൊല നടത്താനുപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തു തന്നെ ഉപേക്ഷിച്ച ശേഷമാണ് റഷീദ് പുറത്തു പോയതെന്നും കോടതി വിലയിരുത്തി. തുടര്‍ന്നാണ് സ്വാമി ശ്രദ്ധാനന്ദ കേസിലെ സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് വധശിക്ഷ ഒഴിവാക്കി കൂടുതല്‍ കാലം തടവു ശിക്ഷ വിധിക്കുകയാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *