മാനുഷിക സ്പര്‍ശത്തോടെ വയോജന സംരക്ഷണ നിയമം നടപ്പാക്കണം

കൊച്ചി: നിയമം കൊണ്ടു മാത്രം വയോജന സംരക്ഷണം നടപ്പാക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ഇതു സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. ആവശ്യം കഴിഞ്ഞ ഉപകരണങ്ങള്‍ക്ക് തുല്യമായി വയോജനങ്ങളെ കണക്കാക്കുന്നത് കേരളം നേരിടുന്ന വലിയ സാമൂഹ്യപ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന പൗരന്‍മാരുടെയും മാതാപിതാക്കളുടെയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സീനിയര്‍ സിറ്റിസണ്‍സ് ആക്ട് 2007 സംബന്ധിച്ച് റവന്യൂ, പോലീസ്, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ബോള്‍ഗാട്ടി പാലസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. ശങ്കരനാരായണന്‍.

വയോജന സംരക്ഷണം മുന്‍നിര്‍ത്തി പാര്‍ലമെന്റ് പാസാക്കിയ നിയമം പൂര്‍ണമാണെന്ന് പറയാനാകില്ല. നിയമം ഫലപ്രദമാകണമെങ്കില്‍ കര്‍ശനമായ ചട്ടങ്ങളും വ്യവസ്ഥകളും പ്രാബല്യത്തില്‍ വരുത്തണം. മാനുഷികസ്പര്‍ശത്തോടെ നിയമം നടപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. അധികാരത്തിലിരിക്കുമ്പോള്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാതെ വിരമിച്ച ശേഷം അതേ കുറിച്ച് ദുഃഖിച്ചിട്ട് കാര്യമില്ല. കേരളത്തില്‍ വൃദ്ധസദനങ്ങളുടെ സംഖ്യ വര്‍ഷം തോറും വര്‍ധിക്കുന്നതിനെ കുറിച്ച് പഠനം നടത്തണമെന്നും മുന്‍ ഗവര്‍ണര്‍ പറഞ്ഞു. വയോജനങ്ങള്‍ക്ക് പ്രയോജനമെത്തിക്കുന്നതിനുള്ള നിയമം പാര്‍ലമെന്റ് 2007ല്‍ പാസാക്കിയെങ്കിലും വേണ്ട വിധത്തില്‍ നടപ്പാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കേരളത്തില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സീനിയര്‍ അഭിഭാഷകന്‍ വി.കെ. ബീരാന്‍ പറഞ്ഞു.

റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരുടെ അധ്യക്ഷതയിലുള്ള ട്രിബ്യൂണലുകള്‍ക്കാണ് താഴെത്തലത്തില്‍ നിയമം നടപ്പാക്കേണ്ട ചുമതല. വയോജനങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാന്‍ നിയമ, നിര്‍വഹണ സംവിധാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.ജി.പി വി.ആര്‍. രാജീവന്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ.എ. ഹസന്‍, സ്‌പെഷ്യല്‍ ഓഫീസറുടെ സെക്രട്ടറി എന്‍. വസന്തകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്‍സിറ്റൈസേഷന്‍ ആന്റ് അവയര്‍നെസ് സെഷനില്‍ വിവിധ വിഷയങ്ങളില്‍ ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യം, ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സബ് കളക്ടര്‍മാരടക്കമുള്ള റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരും പോലീസ്, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ശില്‍പ്പശാലയില്‍ പങ്കെടുത്തു. നിരീക്ഷകരായി മുതിര്‍ന്ന പൗരന്‍മാരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *