കൊച്ചി: പത്തുവര്‍ഷത്തോളമായി കൊച്ചി വടുതലയില്‍ താമസിക്കുന്ന യു.പി. സ്വദേശിയായ യുവതിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്
ഉത്തര്‍പ്രദേശിലെത്തിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍.
രാജസ്ഥാന്‍ സ്വദേശി മഹേഷ് ഉപാദ്ധ്യായയെയാണ് നോയിഡയില്‍ നിന്ന് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ സംവിധായകനെന്നാണ് പറഞ്ഞിരുന്നത്.
ഈ മാസം 15നാണ് ഇയാള്‍ പെണ്‍കുട്ടിയെയും കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിനു വില്‍ക്കുമെന്നും അല്ലെങ്കില്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും പ്രതി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി.
ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നോര്‍ത്ത് എസ്.ഐ. വിപിന്‍ദാസ്, സീനിയര്‍ സി.പി.ഒ. ടി.കെ. വിനോദ് കൃഷ്ണ, ഡല്‍ഹി ഡി.എം.ആര്‍.സിയിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്‍ മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ ഫോണ്‍ ലൊക്കേഷന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ച് പോലീസ്സംഘം ഇയാളുടെ താവളം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവിടെ നിന്ന് മോചിപ്പിച്ചു. അന്വേഷണസംഘം വിമാനമാര്‍ഗം വ്യാഴാഴ്ച കൊച്ചിയിലെത്തും.
