കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് സലീഷ് പൊലീസിന് കീഴടങ്ങി

കോഴിക്കോട്:  കൈവശഭൂമിക്ക് വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്നു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സലീഷ് തിങ്കളാഴ്ച രാത്രി പേരാമ്ബ്ര സി.ഐയ്ക്ക് മുന്നില്‍ കീഴടങ്ങി. ദിവസങ്ങളായി ഒളിവിലായിരുന്ന സലീഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് രണ്ട് ദിവസം മുന്‍പ് ഇയാള്‍ വായനാടുണ്ടെന്ന വിവറാം ലഭിച്ചതിനെതുടര്‍ന്ന് വയനാടെത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല.

പിടിയിലാകുമെന്ന ഉറപ്പായതോടെയാണ് സലീഷ് കീഴടങ്ങിയതെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യം നേടുന്നതിനുള്ള ശ്രമങ്ങള്‍ ഇയാള്‍ നടത്തിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം അടക്കമുള്ളവ സലീഷിനെതിരെ ചുമത്തിയിട്ടുണ്ട്.സലീഷിനെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കും. ആത്മഹത്യാ ചെയ്ത ജോയിയുടെ ആത്മഹത്യാക്കുറിപ്പില്‍ സലീഷിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ പോലീസിന് സ്ഥിരീകരിക്കാനാകൂ.

സംഭവത്തില്‍ സലീഷിന് പുറമെ വില്ലേജ് ഓഫീസര്‍ സണ്ണിയെയും ജില്ലാ കളക്ടര്‍ റവന്യു മന്ത്രിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സണ്ണിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും മറ്റുമുള്ള വിവരങ്ങള്‍ സലീഷിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ലഭിക്കുകയുള്ളു. മരിച്ച കര്‍ഷകന്‍ ജോയിയുടെ സഹോദരങ്ങളെയും പോലീസ് ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *