തിരുവനന്തപുരം: സംസ്ഥാനത്ത് പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. പനി പ്രതിരോധിക്കുന്നതിനുള്ള ഊര്‍ജ്ജിത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി ഇപ്പോള്‍ ആശങ്കാകരമായ നിലയില്‍ ഇല്ലെന്നും പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി കെകെ ശൈലജ അറിയിച്ചു.
സംസ്ഥാനത്തെ ഒരു ആശുപത്രികളില്‍ പോലും മരുന്നില്ലാത്ത അവസ്ഥയില്ല. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് മരുന്ന് എത്തിച്ചിട്ടുണ്ട്.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. പനി ബാധിച്ച് സംസ്ഥാനത്ത് 40 പേരാണ് മരിച്ചതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ അടക്കമുള്ള പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍, ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തെ വി എസ് ശിവകുമാര്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആരോഗ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു.
ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
