കേരളത്തില്‍ നഗരപരിധിയിലെ ബാറുകളും ബവ്‌റിജസ് ഷോപ്പുകളും തുറക്കുന്നു; സുപ്രീം കോടതി അനുമതി തുണയ്ക്കുന്നത് 180 മദ്യശാലകളെ

തിരുവനന്തപുരം: ദേശീയപാതകളിലെ നഗരപ്രദേശം നഗരപാതയാക്കി മാറ്റിയാല്‍ സംസ്ഥാനത്ത് നൂറോളം ബാറുകള്‍ ഉള്‍പ്പെടെ നൂറ്റിയന്‍പതിലേറെ മദ്യശാലകളും ബവ്‌റിജസ് കോര്‍പറേഷന്റേതുള്‍പ്പെടെ മുപ്പതോളം ചില്ലറ മദ്യവില്‍പനശാലകളും തുറക്കാന്‍ വഴിയൊരുങ്ങും. ദേശീയപാതകളുടെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി അതിര്‍ത്തിക്കുള്ളിലെ ഭാഗമാണ് സിറ്റി റോഡായി പരിഗണിക്കുന്നത്. കേരളത്തില്‍ ആറു കോര്‍പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും സിറ്റി റോഡ് മാനദണ്ഡം വരും.

ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാല നിരോധന ഉത്തരവ് വരുമ്‌ബോള്‍ സംസ്ഥാനത്ത് 815 ബീയര്‍ പാര്‍ലറുകളാണ് ഉണ്ടായിരുന്നത്. ഉത്തരവോടെ 341 പാര്‍ലറുകള്‍ പൂട്ടി. ഒപ്പം ബവ്‌റിജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മുപ്പതോളം ചില്ലറവില്‍പനശാലകള്‍ക്കും താഴുവീണു.

സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് ത്രീ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ലഭിക്കും. സിറ്റി റോഡ് പ്രഖ്യാപനം വന്നാല്‍ അതിന്റെ ആനുകൂല്യത്തില്‍ നൂറോളം ബാറുകള്‍ തുറക്കാം. ത്രീ ഫോര്‍ സ്റ്റാര്‍ അല്ലാത്തവയ്ക്ക് ബീയര്‍വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിക്കാനും തടസ്സമില്ല. 1997വരെ ദേശീയപാതകളുടെ നഗരപ്രദേശത്തെ ഭാഗം സിറ്റി റോഡുകള്‍ ആയിരുന്നു. പിന്നീടാണ് റോഡ് തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നതുവരെയുള്ള എല്ലാ ഭാഗവും ദേശീയപാതയായത്.

Leave a Reply

Your email address will not be published. Required fields are marked *