ജിഷ്ണുകേസ് അട്ടിമറിക്കാന്‍ സുധാകരന്‍ ഇടപെട്ടു ജിഷ്ണുവിന്റെ കുടുംബം

കോഴിക്കോട്: ലക്കിടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ഷഹീറിന് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ ആരോപണവുമായി നെഹ്‌റുകോളേജില്‍ മരിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബവും രംഗത്തെത്തി.

ജിഷ്ണുവിന്റെ മരണം അട്ടിമറിക്കാന്‍ സുധാകരന്‍ ശ്രമിച്ചുവെന്നും വ്യാജ ആത്മഹത്യകുറിപ്പ് ഉണ്ടാക്കിയതില്‍ സുധാകരന് പങ്കുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ ആരോപിച്ചു.

മര്‍ദനമേറ്റ ഷഹീര്‍ കേസ് ഒതുക്കി തീര്‍ക്കാനാണ് സുധാകരന്‍ ശ്രമിച്ചതെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയും ആരോപിച്ചു. കേസ് പിന്‍വലിക്കണമെന്ന് പറയാന്‍ സുധാകരന് അവകാശമില്ല. അങ്ങനെ പറഞ്ഞത് തെറ്റായിപോയെന്നും സുധാകരന്‍ കോടതിയല്ലെന്നും മഹിജ പറഞ്ഞു.

ചെവ്വാഴ്ച രാത്രിയോടെയായിരുന്നു ലക്കിടി കോളേജ് വിദ്യാര്‍ഥിയായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഷഹീര്‍ ഷൗക്കത്തലിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്കായി കെ.സുധാകരന്‍ കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ പരിചയക്കാരന്റെ ഒറ്റപ്പാലത്തെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ സ്ഥലത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സുധാകരനെ തടഞ്ഞ് വെച്ചതോടെ സംഭവം പുറത്താവുകയും ചെയ്തു. മര്‍ദനമേറ്റ ഷഹീര്‍ അടക്കമുള്ളവര്‍ ചര്‍ച്ചയ്‌ക്കെത്തിയിരുന്നുവെങ്കിലും ബന്ധു ആവശ്യപ്പെട്ടിട്ടാണ് ചര്‍ച്ചയ്‌ക്കെത്തിയതെന്ന് ഷഹീര്‍ പറഞ്ഞു. പക്ഷെ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും എവിടെയും മൊഴിമാറ്റി പറയില്ലെന്നും സംഭവ ശേഷം ഷഹീര്‍ പ്രതകരിച്ചു.

താന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണെത്തിയതെന്നും ഇതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. സംഭവം വിവാദമായതോടെ ഇത് കെ.പി.സി.സി ചര്‍ച്ച ചെയ്യാനിരിക്കെയാണ് സുധാകരനെതിരെ വിമര്‍ശനവുമായി മഹിജയും രംഗത്തെത്തിയത്. മര്‍ദനമേറ്റ സംഭവത്തില്‍ ഷഹീറിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കെ.കൃഷ്ണദാസ് ഉള്‍പ്പെടുയള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *