പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ നിസ്സഹകരിക്കുന്നു; ഒരാള്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്ന മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്ന് സൂചന. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ കാക്കനാട് ജയിലില്‍ വെച്ച് തന്നെയാണ് സുനിയുടെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. കാക്കനാട് ജയിലില്‍ വെച്ച് താന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും ഫോണില്‍ വിളിച്ചതായി പള്‍സര്‍ സുനി സമ്മതിച്ചു. പണത്തിനായിട്ടാണ് ഫോണ്‍ വിളിച്ചതെന്ന് സമ്മതിച്ച സുനി കത്തിലെ വിവരങ്ങളും പൊലീസിനോട് സമ്മതിച്ചു.

അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണില്‍ നിന്നല്ലെന്നും ജയിലിലെ ഫോണില്‍ നിന്നല്ലെന്നും പള്‍സര്‍ സുനി സ്ഥിരീകരിച്ചു. കൂടുതല്‍ വ്യക്തതക്കായി പൊലീസ് നാദിര്‍ഷാ, അപ്പുണ്ണി, പള്‍സര്‍ സുനി എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും. ഫോണ്‍ വിളിച്ചുവെന്നല്ലാതെ എങ്ങനെ ഫോണ്‍ ജയിലിനുള്ളിലെത്തി, ആര് എത്തിച്ച് കൊടുത്തു തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സുനി കൃത്യമായ മറുപടി നല്‍കുന്നില്ല. ഇത്തരം ചോദ്യങ്ങളോടൊക്കെ പരസ്പര വിരുദ്ധമായ മറുപടിയാണ് സുനി നല്‍കുന്നത്. ഇന്നുതന്നെ ഈ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

എന്നാല്‍ പോലീസിന്റെ കയ്യിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളോടെല്ലാതെ മറ്റ് ചോദ്യങ്ങള്‍ക്ക് പള്‍സര്‍ സുനി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാത്തതും ഉത്തരങ്ങള്‍ മാറ്റിപ്പറയുന്നതും പോലീസിനെ കുഴക്കുന്നുണ്ട്. പൊലീസിന്റെ കയ്യിലുള്ള വിവരങ്ങള്‍ മാത്രമാണ് സുനി സമ്മതിക്കുന്നത്.

അതേസമയം, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഒരാളെ കൂടി കസ്റ്റഡിയില്‍ എടുത്തു. കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലീസ് പിടികൂടിയത്. കാക്കനാട് ജില്ലാ ജയിലില്‍ സുനിയോടൊപ്പം സഹതടവുകാരനായിരുന്നു ഇയാള്‍.പള്‍സര്‍ സുനിക്ക് ഫോണ്‍വിളിക്കുളള സൗകര്യം ഒരുക്കികൊടുത്തത് സഹതടവുകാരനായ സുനിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *