കണ്ണൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസുമായി ബന്ധപ്പെട്ട കേസ് തീര്‍ക്കാന്‍ മധ്യസ്ഥം വഹിച്ചതില്‍ താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. നെഹ്‌റു ഗ്രൂപ്പിനു വേണ്ടിയല്ല താന്‍ മധ്യസ്ഥം വഹിക്കാന്‍ പോയത്. പരാതിക്കാരനായ ഷഹീര്‍ ഷൗക്കത്തലിയുടെ കുടുംബവും നെഹ്‌റു ഗ്രൂപ്പ് അധികൃതരും പറഞ്ഞിട്ടാണ് വിഷയത്തില്‍ ഇടപെട്ടത്. തന്റെ ബന്ധുവായ കെ. ചന്ദ്രന്റെ വീട്ടിലാണ് താന്‍ പോയതെന്നും സുധാകരന്‍ വ്യക്തമാക്കി.
ഷഹിര്‍ ഷൗക്കത്തലിയുടെ വിഷയം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും കേസില്‍ പ്രത്യേക ഒരു നയവും പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ചര്‍ച്ച ചെയ്യാത്ത വിഷയത്തില്‍ നിലപാട് എടുത്തുവെന്ന് പറഞ്ഞാല്‍ ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു.
ജിഷ്ണു കേസ് അട്ടിമറിക്കാന്‍ താന്‍ ചെറുവിരലനക്കിയിട്ടില്ല. ജിഷ്ണുവിന്റെ അമ്മയുടെ വേദന തന്റെ ഹൃദയത്തിലുണ്ട്. സി.പി.എമ്മുകാരെന്ന് പറയുന്ന ജിഷ്ണുവിന്റെ കുടുംബത്തിന് നീതി നല്‍കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നും കെ. സുധാകരന്‍ ആരോപിച്ചു.
