ഹൈദരാബാദ്: പബ് സംസ്‌കാരം’ അവസാനിപ്പിച്ച് യുവാക്കളില്‍ ധാര്‍മിക ചിന്തകള്‍ വളര്‍ത്താന്‍ തെലുങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. പബ് സംസ്‌കാരം വേരോടെ പിഴുതെറിയേണ്ടത് വളര്‍ന്നുവരുന്ന യുവജനതയുടെ ഉന്നമനത്തിന് അത്യന്താപേക്ഷിതമാണെന്ന് ദത്താത്രേയ കൂട്ടിച്ചേര്‍ത്തു.
‘ധാര്‍മിക ചിന്തകള്‍ യുവജനങ്ങളില്‍ വളര്‍ന്നു വരേണ്ടത് ഇന്നത്തെ കാലത്ത് വളരെ പ്രാധാന്യമേറിയ ഒന്നാണ്. ഇത്തരം മൂല്യങ്ങളോട് കൂടിയ വിദ്യാഭ്യാസമായിരിക്കണം അവര്‍ക്ക് നല്‍കേണ്ടത്. ആന്ധ്രയിലെയും തെലുങ്കാനയിലെയും കുട്ടികള്‍ പബ് സംസ്‌കാരത്തിന് അടിമപ്പെട്ടിരിക്കുന്നു. അതില്‍ നിന്നും അവരെ മോചിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഇതിനായി നമ്മുടെ വിദ്യാഭ്യാസ മേഖല ഉടച്ച് വാര്‍ക്കേണ്ടിയിരിക്കുന്നു. ലഹരിയുടെ പിടിയില്‍ അകപ്പെടുന്ന യുവാക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചു വരികയാണ്. ഇതിനായി കുട്ടികളില്‍ ആഴത്തിലുള്ള ബോധവല്‍കരണം നടത്തേണ്ടത് നമ്മുടെ കടമയാണ്. ഇരു സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഇതിനായി ‘ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍’ രൂപീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ദത്താത്രേയയുടെ ആഹ്വാനം.
