മലങ്കര സഭ കേസ് ചര്‍ച്ച അന്തര്‍ദേശീയ തലത്തിലേക്ക്

കോട്ടയം:  മലങ്കര സഭ കേസ് ചര്‍ച്ച അന്തര്‍ദേശീയ തലത്തിലേക്കു നീങ്ങുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള വിശ്വാസപരമായ ചര്‍ച്ചകള്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികളുടെ പൊതുവേദിയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കുന്നത്.

ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ നിലപാട് സഭാ തര്‍ക്കം ഓര്‍ത്തഡോക്‌സ് സഭകളുടെ അന്തര്‍ദേശീയ വേദികളില്‍ ചര്‍ച്ച ചെയ്യാനിടയാകും. പതിറ്റാണ്ടുകള്‍ പിന്നിട്ട മലങ്കര ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തിനു ഇതോടെ പുതിയമാനം കൈവരും. ഇരുവിഭാഗങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്നതും എല്ലാ വര്‍ഷവും സമ്മേളിക്കുന്നതുമായ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുടെ പൊതുവേദിയിലാണു വിശ്വാസപരമായ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നു ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു.

പള്ളികളും സ്വത്തും വിദേശമേല്‍ക്കോയ്മയുടെ പേരില്‍ പിടിച്ചടക്കാനുള്ള ശ്രമത്തെ വിശ്വാസ തര്‍ക്കം എന്ന പേരില്‍ വെള്ളപൂശാന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് പറഞ്ഞു. അതേസമയം ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുടെ പൊതുവേദിയില്‍ ചര്‍ച്ച നടത്തുന്നത് സംബന്ധിച്ച് യാക്കോബായ സഭ പ്രതീകരിച്ചിട്ടില്ല സഭാസമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിവിധ രംഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളും ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളും പരിഗണിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പുതിയ സമിതിയെയും തെരഞ്ഞെടുത്തു. സമിതിയുടെ യോഗം 16നു അഞ്ചിനു ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ചേരുവാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *