തിരുവനന്തപുരം: ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം തുടങ്ങി പൗരന്റെ മൗലികാവകാശത്തില്‍ കൈകടത്താനുള്ള ആര്‍.എസ്.എസിന്റെ നീക്കം പൗരാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകള്‍ കയറിയിറങ്ങി മനുസ്മൃതിയിലെ ‘മൂല്യങ്ങള്‍’ കുടുംബങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനുളള ആര്‍.എസ്.എസിന്റെ ‘കുടുംബ പ്രബോധനം” കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നതെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.
ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ആര്‍.എസ്.എസ് ശ്രമം ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പശു സംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിലും ഇടപെടാന്‍ സന്നദ്ധത കാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ കടന്നു കയറുകയും ഏതു ജീവിത രീതി തുടരണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നതില്‍ നിന്ന് പിന്മാറാന്‍ ആര്‍.എസ്. എസിനോട് അദ്ദേഹം ആവശ്യപ്പെടണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെടുന്നു.
