മെഡിക്കല്‍ കോഴ: പണമിടപാട് സ്ഥിരീകരിച്ച് ആര്‍.എസ് വിനോദ്

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന മെഡിക്കല്‍ കോളജ് കോഴയിടപാടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്‍എസ് വിനോദ് മൊഴി നല്‍കി.

കണ്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷം രൂപ കോളജ് ഉടമയില്‍ നിന്ന് വാങ്ങിനല്‍കിയെന്നാണ് വിനോദ് വിജിലന്‍സ് മുമ്പാകെ മൊഴി നല്‍കിയത്. ഡല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്കാണ് പണം കൈമാറിയത്.

സതീഷ് നായരെ നേരിട്ട് പരിചയമില്ല. രാജേഷ് എന്നയാള്‍ മുഖേനയാണ് സതീഷ് നായരെക്കുറിച്ച് അറിഞ്ഞത്. തന്റെ ബാങ്കില്‍ അക്കൗണ്ടുള്ളയാളാണ് രാജേഷെന്നും അങ്ങനെയാണ് രാജേഷിനെ പരിചയം. സതീഷ് നായരുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. അഞ്ച് ലക്ഷം രൂപ വീതം അഞ്ച് തവണയായാണ് മെഡിക്കല്‍ കോളജ് ഉടമയില്‍ നിന്ന് പണം വാങ്ങിയത്

മെഡിക്കല്‍ കോളജുകളുടെ വാര്‍ഷിക ഇന്‍സ്‌പെക്ഷന് മുന്നോടിയായാണ് പണംവാങ്ങി നല്‍കിയത്. താന്‍ ഈ ഇടപാടില്‍ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നടത്തിയിട്ടില്ല.

തനിക്ക് വ്യക്തിപരമായി ലാഭമുണ്ടായിട്ടില്ല. ബിജെപി നേതാക്കള്‍ക്ക് ആര്‍ക്കും ഇതില്‍ പങ്കില്ലെന്നും വിനോദ് പറഞ്ഞു. മെഡിക്കല്‍ കോളജിനായി പണം നല്‍കിയെന്ന് കോളജ് ഉടമ ഷാജിയും നേരത്തെ മൊഴി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *