മലപ്പുറം-സ്വാശ്രയ മേഖലയിലെ മെഡിക്കല്‍കോളേജ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ബാലിശവും മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് കോഴവാങ്ങുന്നതിന് സൗകര്യമൊരുക്കിക്കൊടുക്കുന്നതുമാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. നീറ്റിലെ മെറിറ്റ് സീറ്റിനെ മറികടക്കാന്‍ വേണ്ടിയുള്ള തന്ത്രമാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നും മജീദ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കോളേജ് മാനേജ്മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംഘടനാബന്ധമില്ലാതെ കിട്ടേണ്ട സീറ്റിനെ മറികടക്കാനുള്ള വിചിത്രമായ ഉത്തരവാണിത്. നീറ്റിലെ മാര്‍ക്കടിസ്ഥാനത്തില്‍ വന്ന കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരുടെ അവസരങ്ങള്‍ നിഷേധിച്ച് ഭരണഘടനാ വിരുദ്ധമായ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മുസ്ലിംസമുദായത്തിലെ വത്യസ്ത സംഘടനകളെ പലജാതികളായി വ്യാഖ്യാനിച്ച് അവര്‍ക്ക് സീറ്റ് നല്‍കുന്നതിന് അവസരമൊരുക്കുകയാണ്. ഓരോ മെഡിക്കല്‍ കോളേജുകളിലെയും സീറ്റുകളില്‍ കേരളാ നദ്വത്തുല് മുജാഹിദീന്‍ (കെ.എന്‍.എം), കേരളാ ജമാഅത്തെ ഇസ്ലാമി, മഹല്ല് ജമാഅത്ത്, കേരള മുസ്ലിം ജമാഅത്ത്, കേരളാ ജമാഅത്ത് ഫെഡറേഷന് കൊല്ലം, കേരളാ സുന്നീ ജമാഅത്ത് കൊല്ലം, കൊല്ലം മുസ്ലിം അസോസിയേഷന് എന്നീ സംഘടനകള്‍ക്ക് സീറ്റുകള്‍ വീതിച്ചുനല്‍കാനാണ് ഉത്തരവില്‍ പറയുന്നത്. ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹികളുടെ കത്ത് ഹാജരാക്കി പ്രവേശനം കൊടുക്കാനാണ് ഉത്തരവിലുള്ളത്.
മുസ്ലിംസമുദായത്തിനകത്ത് ജാതികളോ ഉപജാതികളോ ഇല്ല. എന്നാല്‍ വത്യസ്തമായ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവകളെയെല്ലാം ജാതി സംഘടനകളാക്കി മാറ്റാനുള്ള ദുഷ്ടലാക്കാണ് ഇതിന് പിന്നിലുള്ളത്. ഒരു സംഘടനകളിലും അംഗങ്ങളല്ലാത്ത മഹാഭൂരിപക്ഷം ആളുകള്‍ മുസ്ലിംങ്ങള്‍ക്കിടയിലുണ്ട്. ഗവണ്മെന്റ് നീറ്റ് ലിസ്റ്റില്‍ പേരുള്ള ഇവര്‍ക്ക് എങ്ങിനെയാണ് അഡ്മിഷന് ലഭിക്കുക. മതവിശ്വാസമില്ലാത്ത മുസ്ലിംനാമധാരികള്ക്ക് അഡ്മിഷന് നല്കുന്നതെങ്ങിനെയെന്നതും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.ഗവണ്മെന്റ് ഉത്തരവില്‍ പേരുകള്‍ വരാത്ത എത്രയോ സംഘടനകള്‍ കേരളത്തില്‍ മുസ്ലിം സമുദായത്തിന് അകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കും ഗവണ്മെന്റ് ഉത്തരവ് പ്രകാരം സീറ്റുകള്‍ ലഭിക്കില്ല. ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത വിഭജനമാണ് മുസ്ലിംസമുദായത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇത്തരം ഒരു തീരുമാനം ഗവണ്മെന്റിന്റെയും സ്വാശ്രയ മാനേജ്മെന്റിന്റെയും ഒത്തുകളിയുടെ ഭാഗമാണ്. ഒരു മതേതര സമൂഹത്തില്‍ ഇങ്ങിനെ ഒരു ഉത്തരവ് എങ്ങിനെയാണ് ഇടതുപക്ഷത്തിന് ഇറക്കാന്‍ സാധിച്ചത് എന്നത് അത്ഭുതകരമാണ്. ഇത്തരം ഒരു ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്നും വ്യക്തമല്ല.ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കാന്‍ ഗവണ്മെന്റ് തയ്യാറാകണം. മജീദ് ആവശ്യപ്പെട്ടു.
