വിരുന്ന് കഴിഞ്ഞ് മടങ്ങും വഴി റെയില്‍പാളത്തില്‍ ഷോക്കേറ്റ് 16കാരിക്ക് ദാരുണാന്ത്യം; കൊലപാതകമാണെന്നും സംശയം

കെന്റ്:  റെയില്‍വേ പാളത്തില്‍ വീണ് ഷോക്കടിച്ച് 16 കാരിക്ക് ദാരുണാന്ത്യം. തെയ ഗ്രേസ് പീബിള്‍സ് എന്ന പെണ്‍കുട്ടിയാണ് ദാരുണമായി മരിച്ചത്. ഇക്കഴിഞ്ഞ ജുലൈ 27 നാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ചൊവ്വാഴ്ച രാത്രി 11 മണിയോടെ രാത്രി വിരുന്ന് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി തെയ സ്‌റ്റേഷനിലെ ടോയ്‌ലെറ്റില്‍ കയറിയിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ തെയയെ കാത്തുനില്‍ക്കാന്‍ കൂട്ടാക്കാതെ അവരവരുടെ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം സുഹൃത്തുക്കള്‍ അറിയുന്നത് തെയയുടെ മരണ വാര്‍ത്ത ആയിരുന്നു.

തെയയുടെ മൃതശരീരം ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ട്രെയിന്‍ ഡ്രൈവര്‍ ആണ് കാണുന്നത്. അതേസമയം മൃതശരീരം കിടന്നിരുന്നതിന്റെ എതിര്‍വശത്തെ ട്രാക്കിലൂടെ ഇതിനോടകം തന്നെ അഞ്ച് ട്രെയിനുകള്‍ കടന്നു പോയിരുന്നു. തെയയുടെ മൃതശരീരം കണ്ട ഡ്രൈവര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും പവര്‍ ഓഫ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇതുവഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി.

പിന്നീട് തെയയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. എന്നാല്‍ തെയയുടെ മരണം ഷോക്ക് ഏറ്റാണെന്ന കാര്യത്തില്‍ അധികൃതര്‍ ഇതുവരെയും തീര്‍പ്പ് പറഞ്ഞിട്ടില്ല. തെയയുടെ മൃതദേഹത്തില്‍ ഒരുപാട് മുറിവുകളും കാണപ്പെട്ടിരുന്നു. ഇത് ഷോക്കടിച്ചാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്ന അന്വേഷണത്തിലാണ് പോലീസ് . തലേദിവസം പ്ലാറ്റ് ഫോമില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *