എം എല്‍ എമാരെ മാറ്റിയത് സുരക്ഷ കണക്കിലെടുത്ത്: ചെന്നിത്തല

മലപ്പുറം: ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍ മാരെ ചാക്കിട്ടു പിടിക്കാനുള്ള ബി ജെ പി ശ്രമം അവരുടെ സുരക്ഷക്ക് ഭീഷണിയാവുമെന്നതിനാലാണ് എം എല്‍ എമാരെ കര്‍ണാടകത്തിലേക്ക് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി-അമിത്ഷാ കുതന്ത്രമാണ് നടക്കുന്നത്.

 

സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ്, ആദായനികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് എം എല്‍ എമാരെയും അവര്‍ക്ക് സംരക്ഷണം  നല്കിയെന്നു പറഞ്ഞു കോണ്‍ഗ്രസ് നേതാക്കളെയും ഭീഷണിപ്പെടുത്താനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. അബ്ദുനാസര്‍ മഅ്ദനിയുടെ കേരളയാത്രയുമായി ബന്ധപ്പെട്ട ഭീമമായ സുരക്ഷാ ചെലവ് സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ച യാത്രാചെലവ് സംബന്ധിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. യാത്രാ ചെലവ് സംബന്ധിച്ച ഇളവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് റേഷന്‍ കരിഞ്ചന്ത വ്യാപകമായിട്ടുണ്ട്. മുന്‍ഗണനാ പട്ടിക സംബന്ധിച്ച കാര്യങ്ങളും നിലനില്ക്കുന്നു. ഗോഡൗണില്‍ നിന്ന് റേഷനരി മറിച്ചു വില്ക്കുന്നു. ഉത്സവകാലം മുന്‍നിര്‍ത്തി സര്‍ക്കാര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *