ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

എറണാകുളം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ജൂലായ് 24നാണ് ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് ആഗസ്റ്റ് 11നാണ് പുതിയ അഭിഭാഷകന്റെ കീഴില്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്. എന്നാല്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം, പൊലീസിനെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണ് ദിലീപ് പുതിയ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കാര്യം സംസ്ഥാന പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സിനിമയിലെ ശക്തരായ ഒരു വിഭാഗം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും, ഇവര്‍ രാഷ്ട്രീയ നേതൃത്വത്തെയും പൊലീസിനെയും സ്വാധീനിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *