ഷാര്‍ജ: ആ ഉമ്മയുടെയും മകന്റെയും പതിനാറു വര്‍ഷത്തെ കാത്തിരിപ്പും പ്രാര്‍ഥനയും സഫലമായി. സുഡാനില്‍ നിന്നെത്തിയ മകന്‍ ഹനിയും കേരളത്തില്‍ നിന്നെത്തിയ ഉമ്മ നൂര്‍ജഹാനും തമ്മില്‍ കണ്ടുമുട്ടി. ഇതിന് സാക്ഷികളാവട്ടെ ഷാര്‍ജ വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും. സ്‌നേഹം കൊണ്ട് പരസ്പരം ആശ്ലേഷിച്ച ഉമ്മയുടെയും മകന്റെയും സന്തോഷം കണ്ട് കാഴ്ചക്കാരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
മുമ്ബ് സുഡാനില്‍ നിന്ന് ഏറെ ത്യാഗം സഹിച്ച് ദുബൈയിലുള്ള സഹോദരി സമീറയുടെ അരികിലെത്തിയ ഹനി, തനിക്ക് ഉമ്മയെ കാണണമെന്ന അതിയായ ആഗ്രഹം പങ്കുവെച്ചിരുന്നു. ഹനിയുടെ കഥ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിക്കുകയും മാധ്യമ ലോകവും വായനാ സമൂഹവും അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പാകിസ്താന്‍ സ്വദേശി ത്വല്‍ഹാ ഷാ ആണ് നൂര്‍ജഹാന് ഷാര്‍ജയിലെത്താനുള്ള വിമാനടിക്കറ്റ് നല്‍കിയത്. ഷാര്‍ജയിലെ തന്റെ സ്ഥാപനത്തില്‍ ഹനിക്ക് ജോലി നല്‍കാനും ത്വല്‍ഹ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പ്രമുഖ ടൈപ്പിങ് സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനാല്‍ ഹനിക്ക് വാഗ്ദാനം സ്വീകരിക്കാനായില്ല.
സുഡാനില്‍ നിന്ന് കോഴിക്കോടെത്തി വിവാഹം കഴിച്ച പിതാവ് 16 വര്‍ഷം മുന്‍പ് കൂട്ടിക്കൊണ്ടു പോയതോടെയാണ് ഉമ്മയില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ഹനി വേര്‍പെട്ടു പോയത്. കൊണ്ടുപോകുമ്പോള്‍ ഹനി നടക്കാവിലെ നഴ്‌സറിയില്‍ പഠിക്കുകയായിരുന്നു. പിന്നീട് നാടുമായി ഒരുതരത്തിലൂം ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കുടുംബ രേഖകള്‍ സംഘടിപ്പിച്ച ഹനി സുഡാനിലെത്തിയ മണ്ണാര്‍ക്കാട് സ്വദേശി ഫാറൂഖ് നല്‍കിയ വിവരങ്ങളനുസരിച്ച് അബൂദബിയില്‍ ജോലി ചെയ്യുന്ന സിയാംകണ്ടം സ്വദേശി റഹീം പൊയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഹനിക്ക് പ്രിയപ്പെട്ടവരെ കുറിച്ച് വിവരം ലഭിച്ചത്.
പാകിസ്താന്‍ സ്വദേശി ത്വല്‍ഹാ ഷാക്കൊപ്പം ഹനിയും ഉമ്മയും
സുഡാനില്‍ നിന്ന് കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച പിതാവ് ഉമ്മയില്‍ നിന്നും സഹോദരിമാരില്‍ നിന്നും അകറ്റി സുഡാനിലേക്ക് കൊണ്ടു പോയതാണ് ഹനിയെ. എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷം ഉമ്മയുടെ ഫോേട്ടായും വിവാഹ സര്‍ട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം കണ്ടെടുത്ത ഹനി സുഡാന്‍ സന്ദര്‍ശിച്ച ഫാറൂഖിനോട് ഇക്കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഫാറൂഖ് നല്‍കിയ വിവരങ്ങള്‍ അബൂദബിയിലുള്ള റഹീം പൊയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സഹോദരങ്ങള്‍ വിവരമറിഞ്ഞത്.
സുഡാനി യുവാവ് കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ് ബന്ധുക്കളിലൊരാളായ ഷിഹാബ് ബന്ധപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി കരഞ്ഞു കാത്തിരിക്കുന്ന മകനെ കണ്ടെത്തിയെന്ന നിറ സന്തോഷ വര്‍ത്തമാനം കോഴിക്കോടുള്ള വീട്ടിലിരുന്ന് ഉമ്മ നൂര്‍ജഹാന്‍ കേട്ടു. തുടര്‍ന്നാണ് ജീവിത കഷ്ടപ്പാടിന് അല്‍പമെങ്കിലും ആശ്വാസമാവാന്‍ ദുബൈയില്‍ ഒരു കടയില്‍ ജോലി ചെയ്തു വരുന്ന സഹോദരിയും മറ്റു ചില ബന്ധുക്കളും മുന്‍കൈയെടുത്ത് പിതാവ് അറിയാതെ ഹനിയെ മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിച്ചത്.
കൈയില്‍ അവശേഷിച്ചിരുന്ന പൊന്നെല്ലാം അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി അവര്‍ ചെലവിട്ടു. വെള്ളിയാഴ്ചയുടെ അവധി ദിവസം മുഴുവന്‍ ആങ്ങളയും പെങ്ങളുമിരുന്ന് 16 വര്‍ഷങ്ങളിലെ വിശേഷങ്ങള്‍ പറഞ്ഞു. ഉമ്മയുമായി വീഡിയോ കാള്‍ ചെയ്ത ഹനിക്ക് ഉടനെ കേരളത്തിലെത്തി നേരില്‍ കാണണമെന്ന് മോഹമുണ്ട്. പക്ഷെ വാടകവീട്ടിലെ അവസ്ഥ അതിന് തടസമാണ്.
സന്ദര്‍ശക വിസ കാലാവധി തീരുന്നതിനകം യു.എ.ഇയില്‍ ഒരു ജോലി സംഘടിപ്പിച്ച ശേഷം ഉമ്മയെ സന്ദര്‍ശിക്കാനായിരുന്നു സുഹൃത്തുക്കളുടെ ഉപദേശം. ഒരിക്കലും കാണാനാവില്ലെന്ന് കരുതിയ അനുജനെ കണ്‍മുന്നിലെത്തിച്ചു തന്ന ദൈവകാരുണ്യം എല്ലാം എളുപ്പമാക്കി നല്‍കിയെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സമീറ.
