കോഴിക്കോട് ‘ഇനിയൊരു ഗോരഖ്പൂര്‍ ആവര്‍ത്തിക്കരുതെന്ന’ മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ യുവജനപ്രതിഷേധം. മനുഷ്യജീവനേക്കാള്‍ പശുവിന് വിലനല്‍കുന്ന സര്‍ക്കാരിനെതിരെ രോഷമുയര്‍ന്നു. ഗോരഖ്പൂരില്‍ ജീവന് പൊലിഞ്ഞ പിഞ്ചോമനകള്‍ക്കുള്ള ആദരാഞ്ജലിയായി മാനാഞ്ചിറ സ്ക്വയറില്‍ ദീപം തെളിച്ചു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമോയ് മുഖര്‍ജി ഉദ്ഘാടനംചെയ്തു. ഗോരഖ്പൂരില്‍ പിഞ്ചോമനകള്‍ ശ്വാസമില്ലാതെ മരിച്ചുവീണ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വരഹിത സമീപനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോഡിയും സ്വീകരിച്ചത്. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മനുഷ്യത്വപരമായ സമീപനം എടുത്ത ഡോക്ടര്‍ക്കെതിരെ തിരിയുകയാണ് യോഗി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ സേവന മേഖലയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പുറകോട്ട് പോകരുതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യയില്‍ 40 കോടി രൂപ പശുക്കള്‍ക്കുള്ള ആംബുലന്‍സിനായി ചെലവഴിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ മരിച്ചുവീഴുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് കെ സജീഷ് അധ്യക്ഷനായി. പി ഷിജിത്, ടി കെ സുമേഷ്, കെ അഭിജേഷ് എന്നിവരും സംസാരിച്ചു. ജില്ലാ സെക്രട്ടറി പി നിഖില്‍ സ്വാഗതവും വി വസീഫ് നന്ദിയും പറഞ്ഞു.
