കൊച്ചി: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. ബാലവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് ഇന്ന് നീക്കം ചെയ്തത്.
കേസില്‍ മന്ത്രി കക്ഷിയല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി വ്യക്തിയുടെ അസാന്നിധ്യത്തില്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് നീക്കിയത്. അതേസമയം സിംഗിള്‍ ബെഞ്ചില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ നീക്കണമെങ്കില്‍ അവിടെ തന്നെ റിവ്യൂ ഹര്‍ജി നല്‍കുകയാണ് വേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചപ്പോള്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ചിരുന്നത്.
ഡോക്ടര്‍ ജാസമിന്‍,ശ്യാമള എന്നൊരാളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറ്റൊരു ഹര്‍ജിയുമാണ് ബാലവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഇത് പരിഗണിക്കുന്നതിനെതിരായാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്.
