ആറ് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: തൊടുപുഴ യൂണിയന്‍ ബാങ്ക് സീനിയര്‍ മാനേജറായിരുന്ന പെഴ്‌സി ജോസഫിനെ കള്ളക്കേസില്‍ കുടുക്കി പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആര്‍.നിശാന്തിനി ഐപിഎസ് അടക്കം ആറ് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവ്.

വനിതാ പോലീസ് ഓഫീസര്‍ വി.ഡി പ്രമീള, പോലീസ് ഡ്രൈവര്‍ ടി.എം സുനില്‍, സീനിയര്‍ സി.പി.ഒ കെ.എ ഷാജി, സിപിഒ നൂര്‍ സമീര്‍ , വിരമിച്ച എസ്.ഐ കെ.വി മുരളീധരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

2011 ജൂലായില്‍ ബാങ്കില്‍ വാഹന വായ്പയ്‌ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥ വി.ഡി പ്രമീളയോട് പെഴ്‌സി ജോസഫ് മോശമായി പെരുമാറി എന്നായിരുന്നു പരാതി. തുടര്‍ന്ന് തൊടുപുഴ എ.എസ്.പിയായിരുന്ന നിശാന്തിനി പെഴ്‌സിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യാജ കേസില്‍ കുടുക്കിയാണ് മര്‍ദ്ദനമെന്ന് കണ്ടെത്തിയിരുന്നു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അന്നത്തെ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ കേസിന്റെ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *