കോഴിക്കോട്: കോര്‍പ്പറേഷന്‍ പരിധിയിലുളള പുതിയാപ്പ, പയ്യാനക്കല്‍ പ്രദേശങ്ങളില്‍ നിന്നും തുടര്‍ച്ചയായി മലമ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും ഈ മാസം 29 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആറെണ്ണം തദ്ദേശീയമായി ഉണ്ടായതാണെന്നും ഇത് ഗൗരവതരമാണെന്നും ഡി.എം.ഒ പറഞ്ഞു.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രസ്തുത പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേരുകയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു. കോര്‍പ്പറേഷന്റെ സഹകരണത്തോടെ പ്രദേശത്ത് ഫോഗിംഗ് നടത്തുവാനും, തുടര്‍ ദിവസങ്ങളില്‍ തെരഞ്ഞെടുത്ത കണ്ടിജന്‍സി ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തനകരും ഗൃഹസന്ദര്‍ശനം, പനി സര്‍വ്വേ, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവ നടത്തുവാനും നിര്‍ദ്ദേശം നല്‍കി. അനോഫിലസ് കൊതുകുകളാണ് മലമ്ബനി രോഗം പരത്തുന്നത്. ഇടവിട്ടുളള പനി, വിറയല്‍, തലവേദന, ഓക്കാനം, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെയാണ് രോഗ നിര്‍ണ്ണയം നടത്തുന്നത്.
ഫലപ്രദമായ ചികിത്സ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. ജനങ്ങള്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
പനിയുളളവര്‍ നിര്‍ബന്ധമായും രക്ത പരിശോധന നടത്തേണ്ടതാണ്, സ്വയം ചികിത്സക്ക് വിധേയമാവരുത്, രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക, കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തുക, കടല്‍ത്തീരങ്ങളിലും മറ്റും തുറസ്സായ സ്ഥലങ്ങളില്‍ കിടന്നുറങ്ങാതിരിക്കുക, കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക, മത്സ്യ ബന്ധനത്തിനുളള തോണികള്‍, മീന്‍ സംഭരിക്കുന്ന പ്ലാസ്റ്റിക് പെട്ടികള്‍ മുതലായവ വെളളം കെട്ടി നില്‍ക്കാത്ത വിധം സൂക്ഷിക്കുക, ആഴംകുറഞ്ഞ കിണറുകളില്‍ കൊതുക് കടക്കാത്തവിധം നെറ്റ് ഇട്ട് മൂടുക, സ്‌പ്രേയിംഗ്, ഫോഗിംഗ് മുതലായ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക
