തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26 ന് വൈകിട്ട് നാലിന് അടിമാലിയില്‍ നടക്കും. പട്ടികജാതി/പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ ഓണക്കിറ്റ് വിതരണവും, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഓണക്കോടി വിതരണവും നടത്തും. എസ് രാജേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷനാവും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യാതിഥി ആയിരിക്കും. ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും നല്‍കുന്നതാണ് പരിപാടി. 1,55,471 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായമായ സ്ത്രീപുരുഷന്മാരായ 51,476 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യും. ഒന്‍പത് സാധനങ്ങള്‍ ഉള്ള ഒരു ഓണക്കിറ്റിന് 849 രൂപയാണ് ചിലവിടുന്നത്. ഓണക്കോടി സ്ത്രീകള്‍ക്ക് 815 രൂപയും പുരുഷന്‍മാര്‍ക്ക് 670 രൂപയും ആണ് ചിലവഴിക്കുന്നത്.
15 കിലോ അരി, ചെറുപയര്‍ (500 ഗ്രാം), പഞ്ചസാര (500 ഗ്രാം), മുളകുപൊടി (200 ഗ്രാം), ശര്‍ക്കര (500 ഗ്രാം), വെളിച്ചെണ്ണ (1 കി.ഗ്രാം), ഉപ്പ് പൊടി (1 കിലോ ഗ്രാം), പരിപ്പ് (250 ഗ്രാം), ചായപ്പൊടി (200 ഗ്രാം) എന്നിവ ഉള്‍പെട്ടതാണ് ഓണക്കിറ്റ്.
13.19 കോടി രൂപ ഇതിനായി അനുവദിച്ചു. കസവ് ഡബിള്‍ മുണ്‍ണ്ടും, വെള്ള തോര്‍ത്തുമാണ് പുരുഷന്‍മാര്‍ക്കുള്ള ഓണക്കോടി, കസവ് സെറ്റ് മുണ്ടണ്‍ും നേരിയതുമാണ് സ്ത്രീകളുടെ ഓണക്കോടി. 3.98 കോടി രൂപയാണ് ഓണക്കോടിക്കായി ചിലവഴിക്കുന്നത്. 17.17 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി ആകെ ചിലവഴിക്കുന്നത്.
ഓണക്കിറ്റ് സിവില്‍ സപ്ലൈസില്‍ നിന്നും ഓണക്കോടി ഹാന്റെക്‌സില്‍ നിന്നുമാണ് വാങ്ങി നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ഓണക്കോടി നല്‍കുന്നതിനുള്ള തുക അനുവദിച്ചിട്ടുള്ളത്. ഓണക്കിറ്റ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത്. ആഗസ്ത് 30 ന് തന്നെ വിതരണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
