ഗോരഖ്പൂര്‍ ദുരന്തം; മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലടക്കം ഒന്‍പത് പേര്‍ക്ക് എതിരെ എഫ്‌ഐആര്‍

ലഖ്‌നൗ: രാജ്യത്തെ നടുക്കിയ ഗോരഖ്പൂര്‍ ദുരന്തത്തില്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് ദാസ്, ഭാര്യ പൂര്‍ണ്ണിമ ശുക്ല എന്നിവരുള്‍പ്പടെ ഒന്‍പത് പേര്‍ക്ക് എതിരെ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് ദാസ്, ഭാര്യ പൂര്‍ണ്ണിമ ശുക്ല എന്നിവരുള്‍പ്പടെ ഒന്‍പത് പേര്‍ക്ക് എതിരെയാണ് 60 ലധികം കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന വിധം സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതിനും അഴിമതിക്കുമാണ് എല്ലാവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ദുരന്തത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡോ.ഖഫീല്‍ ഖാന്‍, ഓക്‌സിജന്‍ വിതരണത്തിന് ചുമതലയുണ്ടായിരുന്ന പുഷ്പ സെയില്‍സ് സ്ഥാപന ഉടമ മനീഷ് ഭണ്ഡാരി എന്നിവര്‍ക്കെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശം ഉണ്ട്.

വിശ്വാസവഞ്ചന, ഉത്പന്നങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുക, ഗൂഡാലോചന എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതിക്ക് നിയമനടപടികള്‍ നേരിടുന്നതിന് പുറമേ എല്ലാ ആശുപത്രി ജീവനക്കാരെയും സര്‍വ്വീസില്‍ നിന്ന് നീക്കാനും അന്വേഷണ കമ്മിഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.

നേരത്തെ ആശുപത്രിയുടെ ഓഡിറ്റ് വിഭാഗത്തിലെ ഉദയ് പ്രതാപ്, ക്ലര്‍ക്കുമാരായ സഞ്ജയ്, സുധീര്‍, ചീഫ് ഫാര്‍മസിസ്റ്റ് ഗജാനന്‍ ജൈസ്വാള്‍, അനസ്തീഷ്യ വിഭാഗത്തിന്റെയും ഓക്‌സിജന്‍ വിതരണ വിഭാഗത്തിന്റെയും ചുമതലയുണ്ടായിരുന്ന ഡോ.സതീഷ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. യോഗിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പുറത്തായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *