സ്ത്രീപീഡനക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിംഗിനെ സിനിമാ ടെലിവിഷന്‍ നടീനടന്മാരുടെ സംഘടന പുറത്താക്കി. സദാചാരം ലംഘിക്കുന്നതും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ആള്‍ദൈവത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് സംഘടന റദ്ദാക്കിയിട്ടുണ്ട്. ഗുര്‍മീതിന്റെ എംഎസ്ജി പരമ്ബരയിലെ അടുത്ത സിനിമയായ ഓണ്‍ലൈന്‍ ഗുരുകുലിന്റ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് ഗുര്‍മീതിനെതിരേ കേസില്‍ വിധി വന്നതും ജയിലിലായതും.
ലോകം ഇതുവരെ കാണാത്ത കാഴ്ചകള്‍ ഇതിലുണ്ടാകുമെന്ന വാഗ്ദാനത്തോടെയാണ് മോഷന്‍പോസ്റ്റര്‍ പുറത്തുവന്നത്. ഇതിനൊപ്പം നിങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും എംഎസ്ജി ഓണ്‍ലൈന്‍ ഗുരുകുലിലൂടെ വേദിക് സൂപ്പര്‍സയന്‍സിന്റെ ലോകം അവതരിപ്പിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്നും ഗുര്‍മീത് ട്വീറ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം പുറത്തുവന്ന ജാട്ടു എഞ്ചിനീയര്‍ എന്ന സിനിമപോലെ തന്നെ മകള്‍ ഹണിപ്രീത് സിംഗും ഇതിലുണ്ടെന്ന് പറഞ്ഞിരുന്നു.
വിശ്വാസികളെ മദ്യം, മയക്കുമരുന്ന്, ദുരാചാരം എന്നിവയില്‍ നിന്നും അകറ്റാന്‍ രാം റഹീം വിവിധ വിനോദാപാധികളെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇയാളുടെ ആല്‍ബമായ ഹൈവേ ലവ് ചാര്‍ജ്ജര്‍ വെറും മൂന്ന് ദിവസം കൊണ്ടു വിറ്റുപോയത് മൂന്ന് ദശലക്ഷം കോപ്പികളായിരുന്നു. എന്നാല്‍ 2002 ലെ ബലാത്സംഗ ക്കേസില്‍ ആഗസ്റ്റ് 25 ന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വിശ്വാസികള്‍ തന്നെ നടത്തിയ ആക്രമണത്തില്‍ 38 പേര്‍ മരിക്കുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
