ദുബായിലെ സമ്പന്നനായ കുട്ടി എന്ന വിശേഷണമുള്ള റാഷിദ് ബല്‍ഹാസ അക്ക തന്റെ ബിസിനസ് സംരഭങ്ങളുമായി ഇന്ത്യയിലേക്ക്.
മണികിക്ക്സ് എന്ന പേരിലുള്ള തന്റെ ബ്രാന്റ് ഇന്ത്യയിലും വളര്‍ത്താന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു ഈ പതിനഞ്ച് വയസ്സുകാരന്. ലയണല്‍ മെസ്സി, പാരിസ് ഹില്‍ട്ടണ്‍, സല്മാന് ഖാന് തുടങ്ങിയ കായിക,സംഗീത, സിനിമ മേഖലയിലെ പ്രശസ്തരുമായുള്ള റാഷിദിന്റെ ബന്ധവും പ്രശസ്തമാണ്.
ദുബായിലെ സമ്പന്നനും ബിസിനസുകാരനുമായി സെയ്ഫ് അല്‍ ബല്ഹാസയുടെയും സാറയുടെയും മകനാണ് റാഷിദ് ബല്‍ഹാസ. അച്ഛന്റെ പണം കൊണ്ട് മാത്രമല്ല, സ്വന്തം അധ്വാനം കൊണ്ടു കൂടിയാണ് പതിനഞ്ചാം വയസ്സില്‍ വെളിപ്പെടുത്താനാകാത്ത അത്രയും പണം പോക്കറ്റിലാക്കി പ്രശസ്ത ആഢംബര ബ്രാന്റായ ലൂയി വിത്തോണിന്റെയും സുപ്രീമിന്റെ ലോഗോ പതിപ്പിച്ച ഫെറാറി കാറില്‍ റാഷിദ് പാറിപ്പറക്കുന്നത്.
മണികിക്സ് എന്ന പേരില്‍ റാഷിദ് യുട്യൂബില്‍ വ്ലോഗിംഗ് തുടങ്ങി, തന്റെ ഫാമിലെ സിംഹങ്ങളും പുലിക്കുട്ടികളും ജിറാഫുമൊക്കെയായിരുന്നു ആദ്യം. പിന്നീട് തന്റെ വിലയേറിയ കാറുകളുടെ ശേഖരവും ലോകത്തിലെ തന്നെ മുന്തിയ സ്നീക്കേഴ്സിന്റെ ശേഖരവും തുറന്ന് കാട്ടി ആരാധകരെ സൃഷ്ടിച്ചു.
റാഷിദിന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഏഴര ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. യൂട്യൂബില്‍ വീഡിയോ കാണുന്നവരുടെ എണ്ണം കോടിക്കണക്കിനാണ്. ഇതില്‍ നിന്നുള്ള വരുമാനവും കണക്കിനുണ്ട് ഈ പതിനഞ്ച് വയസ്സുകാരന്റെ പക്കല്‍. കാര്യങ്ങള്‍ നോക്കി നടത്താന്‍ നിരവധി മാനേജര്‍മാരും.
മണികിക്സ്സ്റ്റോര്.കോം എന്ന പേരില്‍ തന്റെ മണികിക്സ്, സുപ്രിം എന്നീ ബ്രാന്റുകളുടെ കീഴിലുള്ള ബാഗുകള്‍, ഷൂസുകള്‍, ടി ഷര്‍ട്ടുകള്‍ എന്നിവയുടെ വില്പനയും തകൃതിയായി നടക്കുന്നു. 90 മുതല്‍ 200 ഡോളര്‍ വരെയാണ് ബാഗുകളുടെ വില. ഈ ബ്രാന്റുകളാണ് റാഷിദ് ഇന്ത്യയിലേക്കെത്തിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സുകാരനാവുകയാണ് തന്റെ ലക്ഷ്യമെന്ന് റാഷിദ് പറയുന്നു. ഒപ്പം ഉടന്‍ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംരഭം തുടങ്ങുമെന്നും.
