മലപ്പുറം: വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് അങ്കത്തട്ടൊരുങ്ങി. മണ്ഡലത്തിന്റെ എം.എല്‍.എ ആയിരുന്ന പി.കെ.കുഞ്ഞാലികുട്ടി എം.പി.യായി മാറിയതോടെ ഒഴിവു വരുന്ന വേങ്ങര സീറ്റില്‍ അടുത്ത മാസം 11 നാണ് ഉപതെരഞ്ഞെടുപ്പ്. 15 നാണ് ഫലപ്രഖ്യാപനം. വേങ്ങരയില്‍ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് വിവിധ മുന്നണികളില്‍ പ്രാഥമിക ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
മുസ്്‌ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വേങ്ങര. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലികുട്ടിയെ 39000ലേറെ വോട്ടുകള്‍ക്ക് വിജയിപ്പിച്ച മണ്ഡലം. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വെല്ലുവിളികളേറെ മുസ്്‌ലിം ലീഗിനെ കാത്തിരിക്കുന്നുണ്ട്. കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇടതുപക്ഷവും ഇത്തവണ തീരുമാനിച്ചുറച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ മുസ്്‌ലിം ലീഗിന് വേങ്ങരയില്‍ തലവേദനയാകും.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പല കുത്തക മണ്ഡലങ്ങളിലും ഇടതുപക്ഷം വെല്ലിവിളി ഉയര്‍ത്തുകയും അട്ടിമറികള്‍ നടത്തുകയും ചെയ്ത അനുഭവം മുന്നണിലുണ്ട്.
സംസ്ഥാന ഭരണം കയ്യാളുന്ന ഇടതുമുന്നണിക്ക് മികച്ചൊരു മല്‍സരം കാഴ്ചവെക്കാനുള്ള അവസരമാണ് വേങ്ങരയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വേങ്ങരക്കാര്‍ യു.ഡി.എഫിന് വന്‍ഭൂരിപക്ഷം നല്‍കിയിലെങ്കിലും എത്ര ശക്തമായ കോട്ടയെയും തകര്‍ക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള മലപ്പുറത്ത് മുസ്്‌ലിം ലീഗിന് അനായാസ വിജയം സ്വപ്്‌നം കാണാനാകില്ല.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗില്‍ ആര് മല്‍സരിക്കുമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അബ്്ദുറഹ്്മാന്‍ രണ്ടത്താണി, കെ.പി.എ.മജീദ്,കെ.എന്‍.എ.ഖാദര്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയുള്ള നേതാക്കള്‍ക്കാകും വേങ്ങരയില്‍ മികച്ച വിജയം നേടാനാകുകയെന്ന അഭിപ്രായം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ കഴിവു തെളിയിച്ച നേതാക്കളെയോ മണ്ഡലത്തില്‍ തന്നെയുള്ള പ്രമുഖ നേതാക്കളെയോ പരിഗണിക്കണമെന്ന സമ്മര്‍ദ്ദം പാര്‍ട്ടി നേതൃത്വത്തിനുണ്ട്.
വേങ്ങരയില്‍ നല്ലൊരു മല്‍സരം കാഴ്ച വെക്കാന്‍ ഇത്തവണ ഇടതുമുന്നണി രംഗത്തിറങ്ങും. നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്നതും വേങ്ങരയില്‍ ഇടതുപക്ഷത്തിന് പ്രധാനമാണ്. പ്രമുഖ നേതാക്കളിലാരെയെങ്കില്‍ സ്ഥാനാര്‍ഥിയാക്കി മണ്ഡലം പിടിച്ചെടുക്കുന്നതിനെ കുറിച്ചായിരിക്കും ഇടതുപക്ഷം ആലോചിക്കുന്നത്.
വേങ്ങരയില്‍ ഇത്തവണ മല്‍സരം കടുക്കുമെന്നാണ് സൂചനകള്‍. ശക്തമായ പ്രചാരണപരിപാടികളുമായി ബി.ജെ.പിയും രംഗത്തുണ്ടാകും. മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ മാറി നിന്ന ചെറു പാര്‍ട്ടികളും വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വാശിയോടെ രംഗത്തിറങ്ങും.സമുദായ വോട്ടുകളുടെ ഗതിവിഗതികളും വേങ്ങരയില്‍ ഇരുമുന്നണികള്‍ക്കും സുപ്രധാനമാകും.
