നിങ്ങള്‍ക്കെന്നെ കൊല്ലാം, എന്നാലും എന്ത് ചെയ്യണമെന്ന് പഠിപ്പിക്കേണ്ട: ഹൈക്കോടതി വിധിക്കെതിരെ മമത

കൊല്‍ക്കത്ത: മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമിയുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി രംഗത്തെത്തി. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ കഴുത്തറുക്കാമെന്നും എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ആരും പഠിപ്പിക്കേണ്ടെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ സമാധാനം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ തീക്കളി വേണ്ടെന്നും അവര്‍ പ്രതിപക്ഷത്തിന് മുന്നിറിയിപ്പ് നല്‍കി.

സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു മമതയുടെ നിര്‍ദ്ദേശം.എന്നാല്‍ ഇതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒക്ടോബര്‍ ഒന്നിനാണ് ഒരുവിഭാഗം ഇസ്ലാം മതവിഭാഗക്കാര്‍ മുഹറം ആഘോഷിക്കുന്നത്. സെപ്തംബര്‍ 30 രാത്രിയോടെ മുഹറവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളും ചടങ്ങുകളും ആരംഭിക്കും. അതിനാല്‍ ദുര്‍ഗാപൂജയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം 30ന് വൈകുന്നേരം ആറ് മണിയോടെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്നും മുഹറം ചടങ്ങുകള്‍ക്ക് ശേഷം ഒക്ടോബര്‍ 2ന് പൂജാ ആഘോഷങ്ങള്‍ പുനരാരംഭിക്കാമെന്നും മമത വ്യക്തമാക്കിയിരുന്നു

എന്നാല്‍ തീരുമാനം റദ്ദാക്കിയ കല്‍ക്കത്ത ഹൈക്കോടതി മുഹറം അടക്കമുള്ള ദിനങ്ങളില്‍ പുലര്‍ച്ചെ 12 മണി വരെ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ അനുമതി നല്‍കി. ഘോഷയാത്ര കടന്നു പോകുന്നതിനുള്ള വഴികളും മറ്റും തരംതിരിച്ച് സുരക്ഷ ഏര്‍പ്പാടാക്കാനും കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *