വന്‍ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി മറികടക്കാനും വളര്‍ച്ചാ നിരക്കു ഉയര്‍ത്തുവാനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച വന്‍ പ്രഖ്യാപനങ്ങള്‍ നടത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.

ഏകദേശം 40000 കോടി മുതല്‍ 50000 കോടി രൂപ വരെ ചെലവഴിക്കുന്ന സാമ്ബത്തിക പാക്കേജായിരിക്കും പ്രഖ്യാപിക്കുക.

ഊര്‍ജം, ഭവന നിര്‍മാണം, സാമൂഹികക്ഷേമം എന്നിവയില്‍ ഊന്നിയ പദ്ധതികളായിരിക്കും ഇവ. ആര്‍.എസ് എസിന്റെ മാര്‍ഗനിര്‍ദേശകനായിരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്.

തിങ്കളാഴ്ച നടക്കുന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലായിരിക്കും പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുക.

ഈ യോഗത്തില്‍ മാധ്യമങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍ ഈ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്. വൈകുന്നേരം അഞ്ചു മണിയോടെയായിരിക്കും മോദിയുടെ മറുപടി പ്രസംഗം.

ലഭ്യമായ എല്ലാ സ്ഥിതിവിവരക്കണക്കുകളും വിരല്‍ ചൂണ്ടുന്നതു സമ്ബദ് വ്യവസ്ഥ അതിവേഗം തകര്‍ച്ചയിലേക്ക് പോകുന്നു എന്നാണ്.

വളര്‍ച്ചാ നിരക്ക് 5.7 ശതമാനം മാത്രമാണ്. ഇതു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ആഭ്യന്തര ഉപഭോക്തൃ നിലവാരം 8.41ല്‍ നിന്ന് 6.66 ശതമാനമായി കുറഞ്ഞു. കയറ്റുമതി 20ല്‍ നിന്ന് 19 ശതമാനമായി.

സ്വകാര്യ മേഖലയിലെ നിക്ഷേപം 31 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി താഴ്ന്നു. നോട്ടു പിന്‍വലിക്കല്‍ സാമ്ബത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചു എന്ന് ഇപ്പോള്‍ സര്‍ക്കാരും സമ്മതിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വിവരണം കൂടി തിങ്കളാഴ്ച പ്രധാനമന്ത്രി വിശദികരിക്കും.

നോട്ട് അസാധുവാക്കലും ജിഎസ്ടിയും സമ്ബദ് വ്യവസ്ഥയെ പിന്നോട്ടടിച്ചെന്ന് കേന്ദ്ര സര്‍ക്കാര് പരോക്ഷമായി സമ്മതിക്കുന്നുമുണ്ട്!.

രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ മൂലമുള്ള ചില പ്രശ്‌നങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

നോട്ട് അസാധുവാക്കലെന്ന അനാവശ്യ അതിസാഹസികതമൂലം സമ്ബദ് വ്യവസ്ഥ കൂപ്പുകുത്തുകയാണെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പറഞ്ഞു.

അതിനിടെ, കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ കാലാവധി നീട്ടിയിട്ടുണ്ട്.

സാമ്ബത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം.

രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച മുരടിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തന്നെ സമ്മതിച്ചിരുന്നു.

മൂന്നു വര്‍ഷത്തെ കാലാവധി അടുത്തമാസം 16 ന് അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷം കൂടി അരവിന്ദ് സുബ്രഹ്മണ്യന് നീട്ടി നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *