തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ വിഎസ് ശിവകുമാര്‍ രംഗത്ത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുകാരന്‍ എന്ന രീതിയില്‍ മാത്രമാണ് ചിട്ടി സ്ഥാപന ഉടമ നിര്‍മ്മലനെ തനിക്ക് പരിചയമെന്നും താന്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കൊപ്പമാണെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഎസ് ശിവകുമാര്‍ നിര്‍മ്മല്‍ കൃഷ്ണ ചിട്ടി സ്ഥാപനത്തിന്റെ ബിനാമിയാണ് എന്ന ആരോപണമാണ് നിക്ഷേപകര്‍ക്കിടയിലും നാട്ടിലും ഉയര്‍ന്നുവന്നത്. കേരളവും തമിഴ്‌നാടും തിരുവനന്തപുരം പാറശ്ശാലയിലെ നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സംയുക്തമായി അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ആരോപണത്തിന് മറുപടിയുമായി മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ രംഗത്ത് എത്തിയത്. താന്‍ മുഖ്യമന്ത്രിക്ക് നിക്ഷേപകര്‍ക്ക് പണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു.
