മന്ത്രിസഭയില്‍ തുടരാന്‍ തോമസ് ചാണ്ടിക്ക് അര്‍ഹതയില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: ആലപ്പുഴയിലെ തന്റെ റിസോര്‍ട്ടിനായി കായല്‍ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.

തോമസ് ചാണ്ടിയുടെ കൈയേറ്റത്തിനെതിരേ കൃത്യമായ നടപടി സ്വീകരിക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാരിന്റെ മുഖം ഇപ്പോള്‍ വികൃതമായിക്കൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വം നിസംഗത പുലര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെച്ച് വീട്ടില്‍ പോയിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ഒരു സെന്റ് ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെച്ച് വീട്ടില്‍ പോയി ഇരിക്കുമെന്നാണ് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം കുട്ടനാട്ടില്‍ എത്തി കയ്യേറ്റ ആരോപണം അന്വേഷിക്കട്ടെ എന്നായിരുന്നു തോമസ്ചാണ്ടിയുടെ മറ്റൊരു പ്രതികരണമെന്നും രമേശ് ചെന്നിത്തല പറയുന്നു.

സര്‍വ്വകക്ഷിസംഘത്തെ പരിശോധനയ്ക്കായി നിയോഗിക്കണം എന്ന തന്റെ നിര്‍ദേശത്തോട് മുഖംതിരിച്ച് തോമസ്ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് സ്വീകരിച്ചതെന്നും ചെന്നിത്തല ആരോപിക്കുന്നു. തോമസ് ചാണ്ടി കായല്‍ കയ്യേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പറയുന്ന വാക്കിന് വിലയുണ്ടെങ്കില്‍ മന്ത്രി നിയമസഭയിലെ ഉറപ്പ് പാലിക്കണമെന്നും രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്നലെ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച നിരാഹാര സമരത്തില്‍ പങ്കെടുത്ത് സംസാരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. തോമസ് ചാണ്ടിക്കെതിരെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി നിശബ്ദത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രിക്കെതിരായ ആരോപണങ്ങളിലെ നിജസ്ഥിതി വെളിപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്ക് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *