വയനാട് തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു

വയനാട്: വയനാട് തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. 2001 മുതല്‍ 2010 വരെ പിഎസ്സി മുഖേന സര്‍വ്വീസില്‍ കയറിയവരുടെ രേഖകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

2010 ലാണ് വയനാട് കലക്ട്രലേറ്റിലെ യുഡി ക്ലര്‍ക്കായിരുന്ന അഭിലാഷ് വ്യാജ നിയമന ഉത്തരവുണ്ടാക്കി സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി തരപ്പെടുത്തി കൊടുത്തു എന്നത് പുറം ലോകം അറിയുന്നത്. തിരുവനന്തപുരം കൊല്ലം വയനാട് എന്നിവിടങ്ങളിലായി തട്ടിപ്പിന്റെ ശൃംഖല വഴി എട്ടിലധികം പേര്‍ സര്‍വ്വീസില്‍ കയറുകയും ചെയ്തു.

തുടര്‍ന്ന്പിഎസ്സി എട്ടു പേരെ കണ്ടെത്തി ജോലിയില്‍ നിന്ന് പുറത്താക്കുന്നതു വരെയുള്ള നടപടി സ്വീകരിച്ചെങ്കിലും അന്വേഷണം പിന്നീട് എങ്ങുമെത്തിയില്ല. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ സര്‍വ്വീസില്‍ കയറിയെന്നും അവര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയും ചെയ്യുന്നുണ്ടെന്ന പരാതി ലഭിച്ച സാഹചര്യത്തിലാണ് ആഭ്യന്തര വീജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി 2001 മുതല്‍ 2010 വരെ പിഎസ്സി വഴി സര്‍ക്കാര്‍ ജോലിയില്‍ കയറിയ മുഴുവന്‍ ആളുകളുടെയും സര്‍വ്വീസ് ബുക്കും യോഗ്യതാ രേഖകളും ഹാജരാക്കാനാണ് ആഭ്യന്തര വിജിലന്‍സ് വിഭാഗം അഡിഷണല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളും പരിശോധിക്കുന്നുണ്ട്. ജീവനക്കാര്‍ ഹാജരാക്കുന്ന രേഖകളും പിഎസ്സിയിലെ രേഖകളും പരസ്പരം ഒത്തുനോക്കിയാണ് അന്വേഷണം പൂര്‍ത്തിയാക്കുന്നത്. ഇതിലൂടെ കൂടുതല്‍ അനധികൃത നിയമനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് ആഭ്യന്തര വിജിലന്‍സ് വിഭാഗത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *