നീലിമംഗലത്ത് അക്വേറിയം ജീവനക്കാരിയെ കഴുത്തില്‍ കുരുക്കിട്ട് അബോധാവസ്ഥയിലാക്കി 10 പവന് കവര്‍ന്നയാളെ കണ്ടെത്താന്‍ കടയില്‍ സ്ഥിരമായി വരുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. അലങ്കാര മത്സ്യങ്ങള്‍ക്ക് തീറ്റ വാങ്ങാനായി വരുന്നയാളാണ് തന്നെ ആക്രമിച്ച് ആഭരണം കവര്‍ന്നതെന്ന് അക്വേറിയം ജീവനക്കാരി ആര്‍പ്പൂക്കര കുറുപ്പഞ്ചേരി ബാബുവിന്റെ ഭാര്യ ഉഷ(52) പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 58 വയസിനു മേല്‍ പ്രായമുള്ളയാളാണ്. ഇയാള്‍ ജോലിയില്‍ നിന്ന് വിരമിച്ചായാളാണെന്നും സൂചനയുണ്ട്. ഇതനുസരിച്ച് അക്വേറിയത്തില്‍ സ്ഥിരമായി സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അലങ്കാര മത്സ്യം. കരിങ്കോഴി, ലൗ ബേര്‍ഡ്സ് എന്നിവയ്ക്കുള്ള തീറ്റ അക്വേറിയത്തില്‍ ലഭിക്കും. ഇത്തരത്തിലുള്ള ജീവികളെ വളര്‍ത്തുന്ന സമീപ പ്രദേശങ്ങളിലുള്ളവരെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ജനമൈത്രി പോലീസിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ 23ന് ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കാണ് സംഭവം.
ആക്ടീവ സ്കൂട്ടറില്‍ എത്തിയ ആള് മീനിന് തീറ്റ വാങ്ങാനെന്ന രീതിയില്‍ എത്തി കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ച ശേഷം ആഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. ഒന്‍പത് വളകളും ഒരു മാലയുമാണ് തട്ടിയെടുത്തത്. 10 മിനിട്ട് അബോധാവസ്ഥയിലായ ഉഷ ബോധം തെളിഞ്ഞ ശേഷം കടയുടമയെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍ എംസി റോഡിന്റെ സൈഡിലായിട്ടും സംഭവം ആരും അറിഞ്ഞിട്ടില്ല.
ഉഷയെ അന്നു തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവര്‍ ഡിസ്ചാര്‍ജ് ചെയ്തു വന്നാലുടന്‍ പ്രതിയുടെ രേഖാ ചിത്രം വയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
