ഗള്‍ഫിലുള്ള യുവതിക്ക് വേണ്ടി ഭാര്യാതര്‍ക്കം; യുവാക്കള്‍ തമ്മില്‍ നടുറോഡില്‍ പൊരിഞ്ഞ അടി

വിദ്യാനഗര്‍:  ഗള്‍ഫിലുള്ള യുവതിയുടെ പേരില്‍ യുവാക്കള്‍ തമ്മില്‍ അടിപിടി. ഒരു യുവതിക്ക് വേണ്ടി രണ്ടുപേര്‍ പരസ്പരം പോരടിക്കുകയായിരുന്നു. ഒടുവില്‍ സംഘട്ടനത്തിലും എത്തി കാര്യങ്ങള്‍. രണ്ടു പേരെയും പോലീസ് അറസ്റ്റു ചെയ്തു. വിദ്യാനഗര്‍ കൊല്ലങ്കാന സ്വദേശിയായ സ്റ്റാനി റോഡ്രിഗസ് (40), തിരുവനന്തപുരം സ്വദേശിയായ സുഭാഷ് (35) എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാര്‍ അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ കൊല്ലങ്കാന റോഡില്‍ വെച്ചാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലങ്കാന സ്വദേശിനിയായ യുവതി തന്റെ ഭാര്യയാണെന്ന് പറഞ്ഞ് ഇരുവരും പരസ്പരം പോരടിക്കുകയായിരുന്നു. എന്നാല്‍ നായികയായ യുവതി ഗള്‍ഫിലാണ്. യുവതിക്ക് ഭര്‍ത്താവും കുട്ടികളുമുണ്ട്. എന്നാല്‍ ഈ യുവതി തന്റെ ഭാര്യയാണെന്ന് സ്റ്റാനി അവകാശപ്പെട്ടപ്പോള്‍ തന്റെ ഭാര്യയാണെന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും സുഭാഷും പറയുകയായിരുന്നു. രണ്ടുപേരും പരസ്പരം വിട്ടുകൊടുക്കാതിരുന്നതോടെ സ്റ്റാനിയും സുഭാഷും തമ്മില്‍ ഉന്തുംതള്ളുമായി. പിന്നീട് നടുറോഡില്‍ പൊരിഞ്ഞ സംഘട്ടനം നടക്കുകയും ചെയ്തു. ഇതു കാണാനിടയായവര്‍ വിവരം ഉടന്‍ തന്നെ വിദ്യാനഗര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

ഉടന്‍തന്നെ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുതിച്ചെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊതുസ്ഥലത്ത് സംഘട്ടനത്തിലേര്‍പെട്ട് ശല്യമുണ്ടാക്കിയതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ സ്റ്റേഷനിലെത്തിയിട്ടും ഇരുവരും ഒട്ടും വിടാനുള്ള ഭാവമില്ലായിരുന്നു. ഇതോടെ പൊല്ലാപ്പിലായിരിക്കയാണ് പാവം പോലീസുകാര്‍

Leave a Reply

Your email address will not be published. Required fields are marked *