കൊച്ചി: കുട്ടികള്‍ക്ക് ഒന്നു മുതല്‍ അഞ്ചു വരെയോ ആറു മുതല്‍ എട്ടു വരെയോ പഠിക്കാന്‍ ഒരു സ്‌കൂളില്‍ തന്നെ സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസാവകാശ നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രാഥമിക വിദ്യാഭ്യാസം പുന: ക്രമീകരിച്ച് എല്‍ പി സ്‌കൂളുകളില്‍ അഞ്ചാം ക്ലാസും യു പി സ്‌കൂളുകളില്‍ എട്ടാം ക്ലാസും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍മാരടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വിശദീകരിച്ചത്.
കുട്ടികള്‍ക്ക് സമീപ പ്രദേശത്തു തന്നെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യമൊരുക്കാനാണ് സര്‍ക്കാരിന് ബാദ്ധ്യതയുള്ളത്. ഒരു സ്‌കൂളില്‍ തന്നെ ഇതു സാദ്ധ്യമാകണമെന്ന് നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്നും സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്‍ പി, യു പി സ്‌കൂളുകള്‍ പുന: ക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ ആക്ഷേപം.
ഇത്തരത്തില്‍ പുന: ക്രമീകരിക്കാന്‍ ഫണ്ടു വേണമെന്നും അദ്ധ്യാപകരെ പുന: വിന്യസിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി. കുട്ടികള്‍ക്ക് എത്താന്‍ കഴിയുന്നത്ര സമീപത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യം വേണമെന്നേയുള്ളൂ. ഒരു സ്‌കൂളില്‍ തന്നെ ഒന്നു മുതല്‍ എട്ടുവരെ പഠിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ചട്ടത്തിലോ നിയമത്തിലോ പറഞ്ഞിട്ടില്ല.
ഒരു പ്രദേശത്ത് സ്‌കൂള്‍ അനുവദിക്കുന്നതും അപ്‌ഗ്രേഡ് ചെയ്യുന്നതും ആ പ്രദേശത്തെ ആവശ്യം പരിഗണിച്ചാണ്. മാത്രമല്ല, വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും എടുത്തിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ ഹാജരായി ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാരുടെ ആവശ്യം നിലനില്‍ക്കില്ലെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. നേരത്തെ ചില സ്‌കൂളുകള്‍ക്ക് അഞ്ചാം ക്ലാസും എട്ടാം ക്ലാസും അനുവദിച്ച് ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഇത് 2017 2018 അദ്ധ്യയന വര്‍ഷത്തേക്കു മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
