തൃശൂര്‍: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനരക്ഷാ യാത്ര ഫ്യൂസ് പോയ പോലെയായെന്നും ഇത് ബോധ്യപ്പെട്ടതു കൊണ്ടാണ് അമിത്ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു. ഇതോടെ കുമ്മനം രാജശേഖരന്റെ യാത്ര വിലാപയാത്രയായെന്നും ചെന്നിത്തല തൃശൂരില്‍ ആരോപിച്ചു.
യാത്ര കൊണ്ട് അമിതാഷായുടെ ശരീര ഭാരം കുറക്കാമെന്നല്ലാതെ കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് മറ്റ് ഗുണമൊന്നുമുണ്ടാവില്ലെന്ന് ചെന്നിത്തല പരിഹസിച്ചു. അമിത്ഷാക്ക് സാധാരണയില്‍ കവിഞ്ഞ സുരക്ഷയും, സൗകര്യങ്ങളുമാണ് സര്‍ക്കാര്‍ ഒരുക്കി നല്‍കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് അടച്ചു പൂട്ടുകയും, വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയും, റോഡുകള്‍ ടാറിട്ടും ജനരക്ഷായാത്രക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിരിക്കുകയാണ്. ഇങ്ങനെയാണോ സി.പി.എം, ബി.ജെ.പിയെ പ്രതിരോധിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യു.ഡി.എഫിന്റെ രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രകേരള സര്‍ക്കാരുകളുടെ ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയെന്നും, വിലക്കയറ്റമുള്‍പ്പെടെയുള്ളവയില്‍ സംസ്ഥാനം മുഖം തിരിഞ്ഞിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മോദി ഭരണം പോലെ വിനാശകരമാണ് സംസ്ഥാനത്തെ പിണറായിയുടെ സര്‍ക്കാരിന്റെ ഭരണവും. വിലക്കയറ്റമടക്കമുള്ളവയില്‍ ജനജീവിതം പൊറുതിമുട്ടുമ്‌ബോള്‍ ഇതിനെയൊന്നും പ്രതികരിക്കാനാവാതെ മദ്യം വ്യാപകമാക്കുകയാണ് ചെയ്തത്. വികസന പ്രവര്‍ത്തികള്‍ മരവിച്ചിരിക്കുകയാണ്. ക്വട്ടേഷന്‍, ഗുണ്ടാസംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
