ബി ജെ യുപിയുടെ പദയാത്രയില്ലാത്ത ദിവസംഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ബിജെപിയെ സഹായിക്കാന്‍

മലപ്പുറം: ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് കുമ്മനം രാജശേഖരന്റെ പദയാത്ര ഇല്ലാത്ത ദിവസം യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജിഹാദികളുടെ നാടാണെന്നാണ് കേരളത്തെ ആര്‍എസ്എസ് നേതാക്കള്‍ വിളിക്കുന്നത് വര്‍ഗ്ഗീയ പ്രചരണത്തിന് വേണ്ടിയാണ് കേരളത്തില്‍ വന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.

ബിജെപിയുടെ പലദേശീയ നേതാക്കളും ഇതര മതസ്ഥരെ വിവാഹം കഴിച്ചവരാണ്. ഇതിനെ ലൗ ജിഹാദെന്ന് വിളിക്കുമോയെന്ന് കോടിയേരി ചോദിച്ചു. മുക്താര്‍ അബ്ബാസ് നഖ്വി, ഷാനവാസ് ഹുസൈന്‍ തുടങ്ങിയ നേതാക്കള്‍ ഇതര മതസ്ഥരെ വിവാഹം കഴിച്ചവരാണ്. ഇതിനാണ് യോഗി ആദിത്യനാഥ് ആദ്യം മറുപടി പറയേണ്ടത്. കോടിയേരി ചൂണ്ടിക്കാട്ടി.

ദേശവ്യാപകമായി ബിജെപിയുടെ വര്‍ഗ്ഗീയ പ്രചാര വേലക്കെതിരെ സിപിഐഎം ഈമാസം ഒന്‍പതിന് കാംപെയിന്‍ നടത്തുമെന്ന് കോടിയേരി അറിയിച്ചു.

ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഈ മാസം 16 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം 13 നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കുന്നതിനാല്‍ 12 ലേക്ക് മാറ്റിവെച്ചു. എന്നാല്‍ അതും മത്സരത്തിന് വരുന്ന കാണികളെ ബാധിക്കുമെന്ന വിമര്‍ശനം ഉയര്‍ന്നതോടെ 16 ലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *