കൊച്ചി: കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മിഷേല്‍ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് എറണാകുളം മുളക്കുളം നോര്‍ത്ത് സ്വദേശി ഷാജി വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2015 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം കൊച്ചി കായലില്‍ നിന്ന് മൃതദേഹം ലഭിച്ചു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.
മാര്‍ച്ച് അഞ്ചിന് വൈകിട്ട് 6.15 ന് കലൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷം ഗോശ്രീ പാലത്തിനടുത്തേക്ക് നടന്ന മിഷേല്‍ രാത്രി എട്ടുമണിയോടെ രണ്ടാം പാലത്തില്‍ നിന്ന് കായലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ കഥ യുക്തിക്കോ വസ്തുതകള്‍ക്കോ കേസില്‍ ലഭ്യമായ തെളിവുകള്‍ക്കോ നിരക്കുന്നതല്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഡിജിപി ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല. ഈ കേസിന്റെ തുടക്കം മുതല്‍ പോലീസിന്റെ സമീപനം നിരാശാജനകമായിരുന്നു.
വിവിധ സ്റ്റേഷനുകളില്‍ സഹായം തേടി കയറിയിറങ്ങേണ്ടി വന്നിരുന്നു. കേസിലെ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ഡിജിപിക്ക് നല്‍കിയ നിവേദനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും പോലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനാല്‍ ഹൈക്കോടതി ഇടപെട്ട് അന്വേഷണം സിബിഐയ്ക്കു വിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
