തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ത്തി പൊരിച്ചവര്‍ക്ക് വലിയ ആയുധമായിരുന്നു ബെംഗളുരു കോടതി ഉമ്മന്‍ ചാണ്ടിക്കെതിരെ എടുത്ത കേസ്. കോടതി നടപടി ചുണ്ടിക്കാട്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വലിയ പ്രക്ഷോഭം തന്നെ അരങ്ങേറി.
ഉമ്മന്‍ ചാണ്ടിയെ കുറ്റവാളിയായി പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധങ്ങളിലൂടെ ചെയ്ത ‘പാപത്തില്‍’നിന്നും ബെംഗളുരു സിറ്റി സിവില്‍ കോടതി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. അഴിമതിയില്‍ പങ്കില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി പണമിടപാട് നടത്തിയതിന് തെളിവില്ലെന്നും കോടതി അറിയിച്ചു.
കേസില്‍ പ്രതിചേര്‍ത്തത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ബംഗലൂരു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. വ്യവസായിയായ എം കെ കുരുവിള നല്‍കിയ കേസിലെ അഞ്ചാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി. സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യാമെന്ന് പറഞ്ഞ് എം കെ കുരുവിളയില്‍ നിന്ന് 1.35 കോടി രൂപ കൈപറ്റിയെന്നാണ് കേസ്.
