തിരുവനന്തപുരം: എംഎല്‍എമാരുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് ജില്ലാ കളക്ടറേറ്റിലെ കൈകാര്യച്ചെലവുകള്‍ക്ക് എന്ന പേരില്‍ 1.25 ലക്ഷം രൂപ കയ്യിട്ടുവാരാനുള്ള തീരുമാനം പുന:പ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
നിയോജക മണ്ഡലത്തിലെ ആസ്തി വികസനഫണ്ടിന്റെ നടത്തിപ്പിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച ഭരണച്ചെലവുകള്‍ക്കും അടിസ്ഥാനസൗകര്യ രൂപീകരണത്തിനുമായി ഫണ്ടായ അഞ്ച് കോടി രൂപയുടെ 0.25% നീക്കിവെയ്ക്കാന്‍ ധനകാര്യ വകുപ്പ് ഉത്തരവിട്ടത്.
മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപ തന്നെ അപര്യാപ്തമാണെന്ന് എംഎല്‍എമാര്‍ പരാതിപ്പെടുമ്‌ബോള്‍ അതില്‍ നിന്ന് 1.25 ലക്ഷം രൂപ ഭരണച്ചെലവിനെന്ന പേരില്‍ കവര്‍ന്നെടുക്കുന്നത് അംഗീകരിക്കാനാവില്ല. ഓഫീസ് ചെലവുകള്‍ക്ക് പ്രത്യേക ഫണ്ട് കണ്ടെത്തുകയോ നിലവിലുള്ള ഓഫീസ് ചെലവുകളുടെ ഭാഗമായി ക്രമീകരിക്കുകയോ ആണ് ചെയ്യേണ്ടത്.
